തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടന്ന കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം ഇന്നും സംസ്ഥാനത്ത് കൊടുമ്പിരി കൊളളുകയാണ്. എൻഫോഴ്‌സ്‌മെന്റും ദേശീയാന്വേഷണ ഏജൻസിയും ചോദ്യം ചെയ്‌ത മന്ത്രിക്കെതിരെ ഏഴാംദിവസവും വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരം അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധമായാണ് മാറിയിരിക്കുന്നത്. പൊലീസ് എല്ലായിടത്തും സമരങ്ങൾ ശക്തമായി നേരിടുകയാണ്.
ഈ സമയത്ത് അൽപം വൈകിയെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐയും.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളിൽ വ്യാപകമായി ഇന്ന് ധർണ നടത്തുകയാണ്.നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണക്കടത്തെന്ന് വി.മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. നയതന്ത്ര ബാഗേജ് വഴിയാണ് കടത്ത് എന്ന് കേന്ദ്രം പാർലമെന്റിൽ അറിയിച്ചതോടെ മുരളീധരൻ കളളം പറയുകയാണെന്നും രാജിവയ്‌ക്കണമെന്നും ഇടത് യുവജന സംഘടന ആവശ്യപ്പെടുകയായിരുന്നു. മുൻപ് മന്ത്രിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു.