അതിബൃഹത്തായ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു ആ ചക്രവർത്തി. അയൽരാജ്യങ്ങളെല്ലാം തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് അദ്ദേഹം വെട്ടിപ്പിടിച്ചു. ആർക്കും ജയിക്കാൻ കഴിയാത്തവിധത്തിലുള്ള ബലശാലിയായിരുന്നു അദ്ദേഹം. അധികാരത്തിന്റെയും സുഖഭോഗങ്ങളുടെയും നടുവിൽ ജീവിതം ആസ്വദിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു മടുപ്പ് അനുഭവപ്പെട്ടു. എല്ലാവിധ ഭൗതിക സൗഭാഗ്യങ്ങളുമുണ്ടായിട്ടും ഒരു അസംതൃപ്തി. എന്തിന്റെയോ ഒരു കുറവ്. അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ മെല്ലെ മെല്ലെ അദ്ദേഹത്തിന് നൈരാശ്യവും വിഷാദവും അനുഭവപ്പെട്ടു.
രാജാക്കന്മാരുടെ സ്ഥിരം ശൈലിയാണല്ലോ ഒരു പ്രശ്നമുണ്ടായാൽ അതിനു പരിഹാരം കണ്ടെത്താനായി കൊട്ടാരം പണ്ഡിതനെ വിളിച്ചു വരുത്തുക എന്നുള്ളത്. ഈ രാജാവും അങ്ങനെതന്നെ ചെയ്തു. പണ്ഡിതനും രാജഗുരുവുമായ ആ ജ്ഞാനിയെ അദ്ദേഹം വിളിച്ചുവരുത്തി. തന്റെ മാനസിക പ്രശ്നങ്ങൾ രാജാവ് പണ്ഡിതനോട് പറഞ്ഞു. കാരണം കണ്ടുപിടിക്കാനും പരിഹാരം നിർദ്ദേശിക്കാനും ആജ്ഞാപിക്കുകയും ചെയ്തു. രാജാവ് സ്വയം അറിയാനുള്ള ആത്മവിദ്യ കരസ്ഥമാക്കിയാൽ ഈ നൈരാശ്യത്തിൽ നിന്നും വിഷാദത്തിൽ നിന്നും രക്ഷപ്പെടാമെന്ന് അദ്ദേഹം ഉപദേശിച്ചു. രാജ്യാതിർത്തിക്കടുത്തുള്ള കൊടുംവനത്തിൽ കഴിയുന്ന സന്യാസിശ്രേഷ്ഠനോടു ചോദിച്ചാൽ ആത്മജ്ഞാനം ലഭിക്കാനുള്ള വിദ്യ ഉപദേശിച്ചു തരുമെന്നും പണ്ഡിതൻ രാജാവിനെ ബോധിപ്പിച്ചു.
രാജാവ് ഉടൻതന്നെ മന്ത്രിയെ വിളിച്ച് ആ സന്യാസിവര്യനെ കൂട്ടിക്കൊണ്ടുവരാൻ ആജ്ഞാപിച്ചു. മന്ത്രി പറഞ്ഞു : ''പ്രഭോ...അദ്ദേഹം അതിദിവ്യനാണ്. കൊടുംകാട്ടിലെ ഗുഹയിൽ ചെറിയൊരു കുടിലുകെട്ടി അതിനുള്ളിലാണ് കഴിയുന്നത്. കൊട്ടാരത്തിലേക്ക് അദ്ദേഹം വരുമെന്നു തോന്നുന്നില്ല.""
'' ഓഹോ! അങ്ങനെയാണോ? എങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ പുറപ്പെട്ടോളൂ. ഏതുവിധമെങ്കിലും ആ സന്യാസിയെ നമ്മുടെ മുന്നിൽ എത്തിക്കണം.""
മന്ത്രി രാജാവിന്റെ ഉത്തരവ് ശിരസാവഹിച്ച് ഉടൻതന്നെ കൊടുംകാട്ടിലെത്തി സന്യാസിയുടെ ഗുഹയും അതിനുള്ളിലെ ചെറുകുടിലും കണ്ടുപിടിച്ചു. മന്ത്രി അദ്ദേഹത്തോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. കൊട്ടാരത്തിലേക്ക് വരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. താപസൻ ഇങ്ങനെയാണ് പറഞ്ഞത്.
'' നോക്കൂ എനിക്ക് ഒരു കൊട്ടാരവും വേണ്ട. ഞാൻ ഇവിടെ നിന്നും എങ്ങും വരികയുമില്ല. രാജാവിന് ആത്മജ്ഞാനം നേടാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം എന്റെയീ ചെറുകുടിലിലേക്ക് വരട്ടെ.""
മന്ത്രി, സന്യാസിയുടെ സന്ദേശം രാജാവിനെ അറിയിച്ചു. എന്തുകൊണ്ടോ അദ്ദേഹം ശാന്തനായാണ് പ്രതികരിച്ചത്.
''സന്യാസിക്ക് അങ്ങനെയാണ് നിർബന്ധമെങ്കിൽ നാം തന്നെ അങ്ങോട്ടുപോകാം.""
അങ്ങനെ പരിവാരസമേതം കൊടുവനത്തിൽ സന്യാസിവര്യന്റെ ഗുഹാമുഖത്തെത്തിയ രാജാവ് മന്ത്രിയെ അകത്തേക്ക് അയച്ചു.
'' നാം ആഗതനായിരിക്കുന്നു എന്ന് സന്യാസിയെ അറിയിക്കൂ""
തന്നെ സ്വീകരിക്കാൻ സന്യാസി എത്തുമെന്നായിരുന്നു രാജാവിന്റെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷയ്ക്കു വിരുദ്ധമായി മന്ത്രിയോട് സന്യാസി പറഞ്ഞത് ഇങ്ങനെയായിരുന്നു.
'' എന്നിൽ നിന്നും അറിവുനേടാൻ വരുന്ന ആൾ രാജാവായാലും എന്റെ ശിഷ്യനാണ്. അതുകൊണ്ട് ഗുരുവിന്റെ സവിധത്തിലേക്ക് ശിഷ്യൻ വരികയാണ് വേണ്ടത്. രാജാവിനോട് ഈ കുടിലിലേക്ക് വരാൻ പറയൂ""
അങ്ങനെ ഗത്യന്തരമില്ലാതെ ദുരഭിമാനവും ഗർവുമൊക്കെ മാറ്റിവച്ച് രാജാവ് ആ താപസവര്യന്റെ കുടിലിലേക്ക് ചെന്നു. കഷ്ടിച്ച് നാലടി ഉയരമേ അതിന്റെ വാതിലിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തലകുനിച്ച് മാത്രമേ രാജാവിന് അകത്തേക്ക് കടക്കാൻ കഴിഞ്ഞുള്ളൂ. രാജാവ് കുനിഞ്ഞ ശിരസുമായി കുടിലിലേക്ക് പ്രവേശിച്ച ഉടൻതന്നെ സന്യാസിശ്രേഷ്ഠൻ പീഠത്തിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തെ സ്വീകരിച്ചു. പാനോപചാരങ്ങൾക്കുശേഷം അദ്ദേഹം രാജാവിന് ആത്മവിദ്യ പകർന്നു കൊടുക്കാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾകൊണ്ടുതന്നെ രാജാവിന് തന്റെ ചുറ്റിലുമുള്ള അജ്ഞാനത്തിന്റെ ഇരുട്ട് അകലുന്നതായി തോന്നി. അധികാരത്തിന്റെയും സമ്പത്തിന്റെയും ശക്തിയുടെയും അഭിമാനവും അഹങ്കാരവുമൊക്കെ നിഷ്പ്രഭമായിത്തീരുന്നതും ഏറ്രവും വലിയ ജ്ഞാനപ്രകാശത്തിലേക്ക് താൻ നീങ്ങുന്നതായും അദ്ദേഹത്തിന് തോന്നി.
'' ഗുരോ! ഞാൻ വളരെ ബഹുമാനത്തോടെയാണ് അങ്ങയെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മന്ത്രിയെ അയച്ചത്. പക്ഷേ ഇവിടേക്ക് വരണമെന്ന് അങ്ങ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാം.""
'' രാജൻ! താങ്കൾ എന്റെ വാസസ്ഥലത്തേക്ക് വരാൻ തീരുമാനിച്ചതോടെ ദുരഭിമാനം ഉപേക്ഷിച്ചു. ഞാൻ രാജാവാണെന്ന മിഥ്യാഭിമാനവും അങ്ങനെ ഉപേക്ഷിക്കപ്പെട്ടു. എന്റെ കുടിലിലേക്ക് കയറിയപ്പോൾ അങ്ങ് നമ്രശിരസ്കനായി. അതാണ് ആത്മീയതയുടെ ആദ്യത്തെ പാഠം. വിനയമുണ്ടെങ്കിലേ നമുക്ക് യഥാർത്ഥജ്ഞാനിയാവാൻ കഴിയൂ. അതുകൊണ്ട് ആദ്യപരീക്ഷ താങ്കൾ പാസായിക്കഴിഞ്ഞു. ഇനിയും അങ്ങയുടെ കൊട്ടാരത്തിലേക്ക് വരുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ല. മഹത്തായ സ്വഭാവവൈശിഷ്ട്യമാണ് വിനയം. അതുകൊണ്ട് വിനയസമ്പന്നനായ രാജാവ് അനുയോജ്യമായ സമയം അറിയിക്കൂ. നമുക്ക് ആത്മജ്ഞാനത്തിന്റെ രഹസ്യങ്ങൾ പഠിക്കാം.""
അതെ! വിനയം ശക്തിയാണ്, ദൗർബല്യമാണ്!