ദക്ഷിണാഫ്രിക്കൻ മേഖലയിലുള്ള ഒരു രാജ്യത്തിന്റെ പേരാണ് ലെസോത്തോ. വലുപ്പം വച്ചു നോക്കിയാൽ നമ്മുടെ കൊച്ചുകേരളത്തിന്റെ അത്രപോലും ഇല്ല. ജനസംഖ്യ വെറും 20 ലക്ഷം മാത്രം. അവിടത്തെ 'നിധി' ശേഖരം പ്രസിദ്ധമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വജ്രങ്ങൾക്ക് പേരുകേട്ടതാണ് ലെസോത്തോയിലെ ഖനി. ഏറ്റവും ഉയർന്ന ശരാശരി വില്‍പനവിലയും ഇവിടെ നിന്നുള്ള വജ്രങ്ങൾക്കാണ്. കഴിഞ്ഞ 14 വർഷത്തിനിടെ ഇവിടെ നിന്ന് അമ്പതിലധികം അമൂല്ല്യ വജ്രങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഖനിയിൽ നിന്ന് കിട്ടിയ ഒരു വജ്രത്തിന്റെ വില 100 കോടി ഇന്ത്യൻ രൂപയാണ്. ഈ 442 കാരറ്റ് വജ്രത്തിന്റെ വലുപ്പം ഒരു ഗോൾഫ് ബോളിന്റെയത്ര. അടുത്തകാലത്ത് ലഭിച്ച പ്രകൃതിദത്ത വജ്രങ്ങളിൽ ഏറ്റവും മൂല്ല്യമേറിയത്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ വജ്രം ഇതല്ല. രണ്ട് വർഷം മുമ്പ് 910 കാരറ്റിന്റെ 290 കോടി രൂപ വിലയുള്ള വജ്രവും ലെത്സെങ് വജ്രഖനിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. അത് വിറ്റുപോയത് 40 ദശലക്ഷം അമേരിക്കൻ ഡോളറിനായിരുന്നു.