ചണ്ഡിഗഢ്: ദീർഘകാലമായി എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിന്റെ പ്രതിനിധി ഹർസിമ്രത് കൗർ ബാദൽ മോദി മന്ത്രിസഭയിൽ നിന്ന് രാജി വച്ചതിന് പിന്നിലെ കാരണങ്ങളിലേക്ക് പോകുമ്പോൾ കണ്ടെത്തുക ദീർഘകാലമായി കർഷകർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളുടെ പ്രതിഫലനമാണ്. പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ നട്ടെല്ലും വോട്ട്ബാങ്കും. സുഖ്ബീർ ബാദലിന്റെ വാക്കുകളിൽ 'ഒാരോ അകാലിയും ഒരു കർഷകനാണ്, അതായത് ഒാരോ കർഷകനും ഒരു അകാലിയാണ്.' ഭട്ടിൻഡയിൽ നടന്ന കർഷകറാലിയിലാണ് അകാലിദൾ പ്രസിഡന്റ് സുഖ്ബീർസിംഗ് ബാദൽ കർഷകരിൽ പാർട്ടിയുടെ വേരോട്ടത്തിന്റെ ആഴം വ്യക്തമാക്കിയത്.

ഹർസിമ്രത് കൗർ ബാദലിന്റെ മന്ത്രിസഭയിൽ നിന്നുള്ള രാജി പാർട്ടി നൽകുന്ന ശക്തമായ മുന്നറിയിപ്പാണ്. ഒപ്പം അസാധാരണവുമായ നീക്കവുമാണ്. പഞ്ചാബിലും ഹരിയാനയിലുമടക്കം നിരവധി കർഷക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഓർഡിനൻസുകൾക്ക് പകരമായി കൊണ്ടുവന്ന ബില്ലുകൾ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഹർസിമ്രത് കൗറിന്റെ രാജി.

കർഷകരുടെ ശക്തമായ എതിർപ്പ്

താൽമൽ സംഘടൻ എന്ന കർഷക കൂട്ടായ്മയുടെ കുടക്കീഴിൽ കഴിഞ്ഞ തിങ്കളാഴ്ച ബില്ലിനെതിരെ 'ലാൽകർ റാലി' എന്ന പേരിൽ വൻറാലി സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് കർഷകർ ബില്ലിനെതിരെ അണിനിരന്നു. ബില്ലിനെ അനുകൂലിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെതും മാൽവ മേഖലയിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കയറാൻ അനുവദിക്കുകയില്ലെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.

ശിരോമണി അകാലിദൾ നൂറു വർഷം പഴക്കമുള്ള പാർട്ടിയാണ്. പാർട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളിലെ ജനപിന്തുണ നഷ്ടപ്പെടാൻ അവസരമൊരുക്കുന്നത് ആത്മഹത്യാപരമാണ്. 2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പ്രകടനം കാഴ്ച വയ്ക്കാനേ കഴിഞ്ഞുള്ളൂ. 117 സീറ്റിൽ ലഭിച്ചത് 15 എണ്ണം മാത്രം. അതിനു മുമ്പ് 2007 മുതൽ രണ്ടു തവണ ഭരണത്തിലിരുന്ന പാർട്ടിക്കാണ് നിലതെറ്റിയത്. അകാലിദൾ-ബി.ജെ.പി സഖ്യത്തിന് 15 ശതമാനം സീറ്റുകൾ മാത്രം ലഭിച്ചപ്പോൾ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരിക്കൊണ്ട് നടത്തിയത് 57 നു ശേഷമുള്ള അട്ടിമറിജയം.

ഇപ്പോൾ തങ്ങൾക്ക് നഷ്ടമായ വോട്ട് ബാങ്കുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സുവണാവസരമായാണ് അകാലിദൾ കർഷക പ്രക്ഷോഭത്തെ കാണുന്നത്. ബി.ജെ.പിക്ക് അകാലിദൾ എതിരാവുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഘട്ടത്തിലുള്ള നയമാറ്റത്തിന് കാരണം ഇതാണ്.

ആശങ്കയിൽ 12 ലക്ഷം കുടുംബങ്ങൾ

വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമാവുന്ന ബിൽ 12 ലക്ഷം ഇടത്തരം കർഷക കുടുംബങ്ങളെയും, കർഷകരുടെ ഉത്പന്നങ്ങൾ കോർപറേ​റ്റ് താത്പര്യം നോക്കി വിൽക്കേണ്ടി വരുമ്പോൾ പുറത്താകുന്ന 28,000 രജിസ്റ്റേർഡ് കമ്മിഷൻ ഏജന്റുമാരെയും ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക. കേന്ദ്ര സംഭരണ ഏജൻസികളായ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും മറ്റുമാണ് പഞ്ചാബിലെ ഏറിയ പങ്കും ഗോതമ്പ് ശേഖരിക്കുന്നത്. പ്രതിഫലം കർഷകരുടെ കൈകളിൽ നേരിട്ട് എത്തുകയും ചെയ്യും. ബിൽ പാസാകുന്നതോടെ സർക്കാരിന് വിപണി പങ്കാളിത്തം നഷ്ടമാവുമെന്നാണ് ആരോപണം. കർഷകർക്ക് ഇത് ഏറെ ദോഷം ചെയ്യും. ഇക്കഴിഞ്ഞ റാബി വിളവെടുപ്പിൽ 341 ലക്ഷം മെട്രിക് ടൺ ഗോതമ്പ് കേന്ദ്ര ശേഖരത്തിൽ എത്തിയപ്പോൾ അതിൽ 129 ലക്ഷം മെട്രിക് ടണ്ണും പഞ്ചാബിന്റെ സംഭാവനയായിരുന്നു. സംഭരിച്ച 443 ലക്ഷം മെട്രിക് ടൺ നെല്ലിൽ 113 ലക്ഷം മെട്രിക് ടണ്ണും അവിടെ നിന്ന് തന്നെ.

എഫ്.സി.ഐ പിൻമാറുന്നതോടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംഭരണ കേന്ദ്രങ്ങൾ പ്രവത്തനരഹിതമാകും. 6 ശതമാനം കമ്മിഷനാണ് ഇത്തരം സംഭരണകേന്ദ്രങ്ങളിൽ നിന്ന് സർക്കാരിന് ലഭിക്കുന്നത്. ഇടനിലക്കാർ രംഗം കൈയടക്കുന്നതോടെ കൊള്ളലാഭം നേടാൻ ശ്രമമുണ്ടാകുകയും എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാവുകയും കർഷകർ വഴിയാധാരമാകുകയും ചെയ്യുമെന്നാണ് ആശങ്ക.

അവതരിപ്പിച്ച ബില്ലുകൾ

ദ ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലി​റ്റേഷൻ), ദ ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അകാലിദൾ പ്രതിപക്ഷത്തിനൊപ്പം ബില്ലിനെ എതിർക്കാനുള്ള വാദമുഖങ്ങൾ നിരത്തുകയും ചെയ്തു.