പ്രഭാതകൃത്യങ്ങളും പൂജാകർമ്മങ്ങളും നിർവഹിച്ചശേഷം നദിക്കരയിൽ നിന്ന് ശ്രീരാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ആശ്രമത്തിലേക്ക് മടങ്ങി. പ്രസന്നനായ രാമൻ മന്ദഹാസത്തോടെ പർണ്ണശാലയിലിരുന്ന് കഥകൾ പറഞ്ഞുകൊണ്ടിരുന്നു. ജ്ഞാനവിജ്ഞാനസംവർദ്ധകമായ ആ കഥകൾ ലക്ഷ്മണനും സീതയും സശ്രദ്ധം കേട്ടു. ചിത്രാനക്ഷത്രത്തിനൊപ്പം ഉദിച്ചുയർന്ന ചന്ദ്രനെപ്പോലെ സീതാസമേതനായ രാഘവൻ വിളങ്ങി.
സംഭവപരമ്പരയാണ് ഇഹലോക ജീവിതം. അത് എങ്ങനെ എവിടെ വച്ച് വഴിപിരിയുന്നുവെന്ന് ആർക്കും പ്രവചിക്കാനാകുന്നില്ല. പ്രകൃതിയുടെ ഈ നിഗൂഢതയാണ് ജീവിതത്തെ ഉദ്യോഗപൂർണ്ണമാക്കുന്നത്. കഥ പറഞ്ഞിരിക്കുന്ന ശ്രീരാമൻ. അതുകേട്ടിരിക്കുന്ന ലക്ഷ്മണനും സീതയും. ഈ നിശബ്ദമായ അന്തരീക്ഷത്തിലേക്ക് ഒരു രാക്ഷസി എത്തിച്ചേരുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരിയായ ശൂർപ്പണഖ. പർണ്ണശാലയിൽ കഥ പറഞ്ഞു രസിച്ചിരിക്കുന്ന ശ്രീരാമനെ അവർ ഇമവെട്ടാതെ നോക്കി. എത്ര സുന്ദരൻ. ഇമവെട്ടാൻപോലും അവൾ മറന്നു. സുന്ദരമായ വദനം. താമരപ്പൂവിതൾപോലുള്ള കണ്ണുകൾ, നീണ്ടുരുണ്ട കൈകൾ, മദയാനയെപ്പോലുള്ള നടത്തം. ശിരസിന് അലങ്കാരമായ ജട, അഴകൊത്ത ശരീരം, ശ്രീരാമനെ കണ്ടുകണ്ട് അവൾ അറിയാതെ കാമപരവശയായി.
ആരും നോക്കി നിന്നുപോകുന്ന മദനമോഹന രൂപം. ശൂർപ്പണഖ ആ സൗന്ദര്യധാമത്തെ സ്വയം മറന്ന് നോക്കിനിന്നതിൽ അതിശയിക്കാനില്ല. ദുർമുഖിയായവൾ സുമുഖനായ യുവാവിനെ ഇമവെട്ടാതെ നോക്കി നിൽക്കില്ലേ? വിരൂപാക്ഷി താമരക്കണ്ണനെ നോക്കി നിൽക്കില്ലേ? ചെമ്പൻമുടിയുള്ളവൾ സുന്ദരകേശഭാരമുള്ളവനെ നോക്കിപ്പോകും. പടുവൃദ്ധയുവകോമളനെയും അസത്യവാദിനി സത്യസന്ധനെയും ദുഷ്ടയായവൾ ശിഷ്ടനായവനെയും നോക്കി നിൽക്കുന്നതിൽ അതിശയിക്കാനില്ല. ശ്രീരാമസൗന്ദര്യം കണ്ണുകൾകൊണ്ട് പാനം ചെയ്യുന്നതിനിടയിൽ ശൂർപ്പണഖ ചോദിച്ചു: മുനിയെപ്പോലുള്ള വേഷം. അതേസമയം ചാപബാണങ്ങൾ ധരിച്ചിരിക്കുന്നു. രാക്ഷസന്മാർ അധിവസിക്കുന്ന ഈ കാട്ടിലേക്ക് സുന്ദരിയായ ഭാര്യയ്ക്കൊപ്പം വരാനുള്ള കാരണമെന്ത്? അങ്ങ് ആരാണ്?
ശൂർപ്പണഖയുടെ വാക്കുകൾ കേട്ട് ഏതു പ്രതിസന്ധിയിലും സത്യം വെടിയാത്ത ശ്രീരാമൻ ഇപ്രകാരം പറഞ്ഞു: ദശരഥമഹാരാജാവിനെക്കുറിച്ച് കേട്ടിരിക്കും. അദ്ദേഹത്തിന്റെ സീമന്തപുത്രനായ ശ്രീരാമനാണ് ഞാൻ. ഇവൻ എന്റെ അനുജനായ ലക്ഷ്മണൻ. നിഴൽപോലെ സദാ എന്നെ അനുഗമിക്കുന്ന ഇവൾ എന്റെ ധർമ്മപത്നി സീത. ജനകമഹാരാജാവിന്റെ പുത്രി. അച്ഛന്റെ ആജ്ഞപ്രകാരം പിതൃവാക്യപാലനത്തിനായി ഞാൻ കാട്ടിലേക്ക് വന്നതാണ്. നിന്നെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട്. സുന്ദരിയായ നീ രാക്ഷസിയാണെന്ന് തോന്നുന്നില്ല. ഈ കൊടുംകാട്ടിൽ നീ എന്തിനിങ്ങനെ സഞ്ചരിക്കുന്നു. ഇങ്ങോട്ട് വരാൻ കാരണമെന്ത്?
വികാരതരളിതയായ ശൂർപ്പണഖ ശ്രീരാമന്റെ വശ്യസുന്ദരമായ ഭാഷണം കേട്ട് കൂടുതൽ ആകുലയായി. ഇമവെട്ടാതെ ശ്രീരാമഗാത്രത്തെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു: ഞാൻ സത്യം പറയാം. രാക്ഷസിയായ എന്റെ പേര് ശൂർപ്പണഖ. ഏത് ഇഷ്ടപ്പെട്ട രൂപവും വേഷവുംധരിക്കാൻ എനിക്ക് കഴിയും. എനിക്കാരെയും ഭയമില്ല. എല്ലാവരും എന്നെ ഭയക്കുന്നു. പിന്നെ ഈ കാട്ടിൽ സഞ്ചരിക്കാൻ എന്തിന് മടിക്കണം. പരാക്രമിയും അമിതബലവാനുമായ രാവണൻ എന്റെ ജ്യേഷ്ഠൻ. വിശ്രവസിന്റെ പുത്രനായ രാക്ഷസരാജാവിനെ പറ്റികേട്ടിട്ടില്ലേ? എനിക്ക് പിന്നെയും സഹോദരന്മാരുണ്ട്. എല്ലാസമയവും ഉറങ്ങുമെങ്കിലും സങ്കല്പിക്കാൻ പോലും കഴിയാത്തത്ര ബലവാനാണ് മറ്റൊരു സഹോദരനായ കുംഭകർണ്ണൻ. ധർമ്മകർമ്മങ്ങളിൽ അടിയുറച്ചുനിൽക്കുന്ന സഹോദരനാണ് വിഭീഷണൻ. പരാക്രമശാലികളാണ് ഖരദൂഷണന്മാർ. അവർക്കാർക്കും കീഴടങ്ങാത്തവളാണ് ഞാൻ. കാഴ്ചകൾ കണ്ടുകണ്ട് ഞാനിവിടെ എത്തിയതാണ്. സൗന്ദര്യവും സൗഭാഗ്യവും ആരോഗ്യവും അങ്ങയുടെ സമ്പത്താണ്. ഇങ്ങനെയൊരാളെ ഭർത്താവാക്കുവാനാണ് എന്റെ ആഗ്രഹം. അതിനുള്ള അർഹതയും ശക്തിയും എനിക്കുണ്ട്. ഈ സീതയെക്കൊണ്ട് എന്ത് കാര്യം. വൈരൂപ്യങ്ങളെല്ലാം സീതയിൽ ഒത്തിണങ്ങിയിരിക്കുന്നു. വികൃതസ്വഭാവവും ആയിരിക്കും. എന്നെ സൂക്ഷിച്ചുനോക്കൂ. എല്ലാം കൊണ്ടും അങ്ങയുടെ ഭാര്യയാകാൻ അനുയോജ്യയല്ലേ ഞാൻ?
മഹാവികൃതിയും വിരൂപിയുമായ ഈ മനുഷ്യസ്ത്രീയെ അങ്ങയുടെ കൺമുന്നിൽ വച്ചുതന്നെ അനുജൻ ലക്ഷ്മണനൊപ്പം ഞാൻ ഭക്ഷിക്കാം. പിന്നെ പ്രകൃതിരമണീയമായ ഈ കാനനത്തിൽ നമുക്ക് സ്വൈരമായി രമിക്കാം. സീതയെ രൂക്ഷമായി നോക്കിക്കൊണ്ടും ശ്രീരാമനെ പ്രണയപൂർവം വീക്ഷിച്ചുകൊണ്ടും ശൂർപ്പണഖ ലക്ഷ്മണന്റെയും സീതയുടെയും മദ്ധ്യത്തിൽ നിന്നു.
സംഭവപരമ്പരകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ലക്ഷ്യമെന്തെന്നും നന്നായറിയുന്ന ശ്രീരാമൻ അനുജനെയും ധർമ്മപത്നിയെയും കടാക്ഷിച്ചുകൊണ്ട് ശൂർപ്പണഖയെ രൂക്ഷമായി നോക്കി.
(ഫോൺ: 9946108220)