gold-smuggling-case

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെ അന്വേഷണം യു.എ.ഇ കോൺസുലേറ്റിലേക്ക്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരും. വിദേശത്ത് നിന്ന് നയതന്ത്രബാഗിൽ എത്തിയ ഖുറാൻ പുറത്ത് വിതരണം ചെയ്തതിൽ കോൺസുലേറ്റിനെ എതിർ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എൻ.ഐ.എ നിലപാട് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി ഡാക് പരിശോധിച്ച് വരികയാണെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള, വൻസ്വാധീനമുള്ള ആളുകളുൾപ്പെട്ട വിശാലമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയിട്ടുള്ളത്. ഇത് പലർക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതിൽ നിന്ന് പ്രതികൾക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വെളിവായിയെന്ന് എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി. വിദേശത്ത് നിന്ന് പല തവണയായി വലിയ അളവിൽ സ്വർണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികൾ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ടെന്നും എൻ.ഐ.എ പറയുന്നു.

വിദേശത്ത് നിന്ന് വലിയ തോതിൽ സ്വർണം കടത്തിയതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ പണം തീവ്രവാദപ്രവർത്തനങ്ങൾക്കും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ നീക്കം നടന്നിരുന്നു. യു.എ.ഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യു.എ.ഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെത്തന്നെ തകർക്കാവുന്ന പ്രവർത്തിയാണ് പ്രതികൾ ചെയ്തത്. ഈ പണം ആരിലേക്ക് എങ്ങനെയാണ് എത്തിയിരുന്നതെന്നതടക്കം ഇനിയും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ഇത് ആഴത്തിൽ അന്വേഷിക്കേണ്ടതാണ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി.