covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധന രേഖപ്പെടുത്തി. നിലവിൽ 6031 രോഗികളാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ആകെ 25,000 പേർക്ക് ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരിൽ 363 സ്ത്രീകളും 457 പേർ പുരുഷന്മാരാണ്. ഇതിൽ 15 വയസിന് താഴെയുള്ള 91പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. രണ്ട് ദിവസത്തിനിടെ 1746 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുത്തനെ കുതിപ്പ്

ഏഴ് ദിവസത്തിനിടെ രണ്ട് തവണ കുറഞ്ഞിരുന്ന നിരക്കാണ് കുതിച്ചുയർന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടാണ് 5031ൽ നിന്ന രോഗികളുടെ എണ്ണം 5939ലെത്തിയത്. പരിശോധനകളുടെ എണ്ണം കൂടിയതും രോഗനിരക്ക് കൂടാനിടയായി. വരും ദിവസങ്ങളിൽ രോഗനിരക്ക് ഉയരുമെന്നതിനാൽ അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ കൊവിഡിന്റെ പ്രതിദിന കണക്കനുസരിച്ച് അഞ്ചിലൊന്ന് രോഗികളും തലസ്ഥാനത്താണെന്നത് ഗുരുതസ്ഥിതി വിശേഷത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

സമ്പർക്ക വ്യാപനം വെല്ലുവിളി

ജില്ലയിലെ സമ്പർക്കവ്യാപന തോതും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വ്യാഴാഴ്ച 820 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 721 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത രോഗബാധയും ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 30,281 ടെസ്​റ്റുകളാണ് ജില്ലയിൽ നടത്തിയത്. ഇതിൽ 4,184 എണ്ണം രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 16 ദിവസം കൂടുമ്പാൾ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേക്ക് അടുക്കുകയാണ്. ഇത് അഞ്ച് ശതമാനമാക്കാൻ ജില്ലാ ഭരണകൂടം പെടാപ്പാട് പെടുകയാണ്. എത്രപേരെ പരിശോധിക്കുമ്പാൾ എത്രപേർക്ക് കൊവിഡ് ബാധിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കണക്കാക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയിലെ രോഗികൾ (തീയതി,​ രോഗികൾ,​ രോഗമുക്തർ,​ആകെ നിരീക്ഷണത്തിലുള്ളവർ എന്ന ക്രമത്തിൽ

13- 412- 291-5118

14-332-415-5031

15-656-268-5413

16-675-418-5669

17-820-547-5939

18- 926-488-6372