ശരീരം ഫിറ്റായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് ? ജിമ്മിൽ പോവാൻ മടിയുള്ള വ്യക്തിയാണോ നിങ്ങൾ. ലോറെൻ ബ്രൂസോൺ എന്ന ഈ മുത്തശ്ശിയുടെ കഥ ഒന്ന് കേട്ട് നോക്കൂ. ക്രോസ്സ്ഫിറ്റ് ട്രെയിനിംഗ് ആയാസമുള്ളതും അപകടം പിടിച്ചതുമായ വ്യായാമ രീതിയാണ്. കായിക താരങ്ങളാണ് സാധാരണ ഇൗ വ്യായാമം ചെയ്യുക. വേണ്ടത്ര മേൽനോട്ടം ഇല്ലാതെ ക്രോസ്സ്ഫിറ്റ് ചെയ്താൽ പേശികൾക്ക് പരിക്കേൽക്കുമെന്നത് സുനിശ്ചിതം. ഏതു പ്രായം വരെ ജിമ്മിൽ പോകാം? ഇവിടെ പത്തിരുപത്തിയഞ്ച് വയസുള്ള ചെറുപ്പക്കാർക്ക് പോലും ജിമ്മിൽ പോകാൻ മടിയാണ്. ഒന്ന് കുനിഞ്ഞ് നിവർന്നാൽ കൈയും കാലും വേദനിക്കും. അതിനിടയിലാണ് 73 കാരി അമ്മൂമ്മ ഇപ്പോഴും ക്രോസ്സ്ഫിറ്റ് ചെയുന്നത്.
ലോറെന്റെ പേഴ്സണൽ ട്രെയ്നർ വെസ്ലി ജെയിംസ് അവരുടെ വർക്ക് ഔട്ടുകളുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായി. അമേരിക്കയിലെ കണക്റ്റിക്കട്ടിലാണ് മുൻ അഭിഭാഷകയായ ലോറെൻ താമസിക്കുന്നത്. 60-ാമത്തെ വയസിൽ ട്രെയിനിംഗ് തുടങ്ങി. ലോറെൻ പണ്ട് തൊട്ടേ വ്യായാമം ചെയ്തു വന്ന വ്യക്തിയാണ്. ചെറുപ്പത്തിൽ ബാലെ നൃത്തം പരിശീലിക്കുകയും 67 വയസ്സുവരെ വ്യായാമ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ട്രെയിനിംംഗിന് മുടക്കം വരുത്തിയിട്ടില്ല എന്ന് പരിശീലകൻ പറഞ്ഞു. ഈ പ്രായത്തിൽ എല്ലുകൾ ഒടിയാതിരിക്കാൻ മാത്രമാണ് ശ്രദ്ധിക്കുന്നത്. നൽകാം ഈ മുത്തശ്ശിക്ക് ഒരു സല്യൂട്ട് !