തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് കോടതിയിൽ ഹാജരായില്ല. മൂന്നാം തവണയാണ് നോട്ടീസ് നൽകിയിട്ടും ശ്രീറാം കോടതിയിൽ ഹാജരാകാതെയിരിക്കുന്നത്. ഇതോടെ അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ( മൂന്ന് ) ശ്രീറാമിന് അന്ത്യശാസനം നൽകി. തലസ്ഥാനത്ത് തന്നെ ഉണ്ടായിട്ടും വിവിധ കാരണങ്ങൾ കാട്ടി ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ അന്ത്യശാസനം. സസ്പെൻഷനു ശേഷം ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിട്ടാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്.
കേസിന്റെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ശ്രീറാമിന്റെയും രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24നാണ് നൽകിയ്ത്. കേസ് വിചാരണയ്ക്ക് വേണ്ടി സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് വഫയോടും ശ്രീറാമിനോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. കുറ്റപത്രവും സാക്ഷിമൊഴികളുടെയും ഫോറൻസിക് റിപ്പോർട്ടുകളുടെയും മറ്റും പരിശോധനാടിസ്ഥാനത്തിൽ നരഹത്യാ കുറ്റത്തിന് 304(2) വകുപ്പാണ് ശ്രീറാമിനെതിരെ നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് പത്ത് വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റമായതിനാലാണ് തുടർ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്.
വഫ ഫിറോസ് ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. അപകട സമയം ശ്രീറാം സഞ്ചരിച്ചിരുന്നത് വഫയുടെ പേരിലുള്ള കാറിലായിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ട്, തുല്യ തുകയ്ക്കുള്ള രണ്ടാം ജാമ്യ ബോണ്ട് എന്നിവയുടെ മേലാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.