ന്യൂയോർക്ക്: ഉപകാരപ്രദമാകുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയ യു.എൻ യുവ പ്രതിഭകളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ യുവാവ്. മനുഷ്യരാശിക്ക് ഉപകാരപ്രദവും പ്രകൃതിക്ക് അനുകൂലവുമാകുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയവരുടെ 2020ലെ യു.എൻ പട്ടികയിലാണ് 18കാരനായ ഉദിത് സിംഗാൾ ഇടം നേടിയത്. 'കുപ്പിച്ചില്ലിൽ നിന്ന് മണൽ" എന്ന കണ്ടുപിടിത്തമാണ് ഉദിത്തിനെ പട്ടികയിലെത്തിച്ചത്. ഗ്ളാസ് മാലിന്യം പൊടിച്ച് മണൽരൂപത്തിലാക്കി പുനരുപയോഗിക്കാൻ കഴിയുന്ന വിദ്യയാണ് ഉദിത്ത് കണ്ടുപിടിച്ചത്. ഇത് ഡൽഹിയിലെ ഗ്ളാസ് മാലിന്യ കൂമ്പാരത്തിന് ശമനമുണ്ടാക്കുമെന്നും തെളിയിച്ചിട്ടുണ്ട്.
ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ പല രീതിയിൽ പുനരുപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി വിജയകരമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഗ്ളാസ് ബോട്ടിലുകളുടെ കാര്യത്തിൽ ഇതാദ്യമാണ്. അതും പൊടിയാക്കി ഉപയോഗിക്കാമെന്ന കണ്ടെത്തൽ.
ഒഴിഞ്ഞ കുപ്പികൾ മണ്ണിലടിഞ്ഞു ചേരാൻ വർഷങ്ങളെടുക്കുമെന്ന പ്രശ്നത്തിന് ഉദിത്തിന്റെ കണ്ടുപിടിത്തത്തോടെ പരിഹാരമായി. 8000 ബോട്ടിലുകൾ പൊടിച്ചാൽ 4815 കിലോ സിലിക്ക ലഭിക്കും. ചെറിയ കുന്നിനെ മൂടാൻ ഇതു ധാരാളമാണ്. ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഗ്ളാസ് മണൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാാവുമെന്നും ഉദിത്ത് പറയുന്നുണ്ട്. അതുകൂടി വിജയകരമായാൽ ഗ്ളാസ് മാലിന്യങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ പണിയാനാകും.