തിരുവനന്തപുരം: എൻഫോഴ്സ്മെന്റിന് പിന്നാലെ എൻ.ഐ.എയും ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന് അനുകൂലമായി തത്കാലം നിലപാട് സ്വീകരിച്ചത് സർക്കാരിനും സി.പി.എമ്മിനും ആശ്വാസമാകുമെങ്കിലും വരും ദിവസങ്ങളിൽ സി.പി.ഐ വിഷയത്തിൽ ഒരുപക്ഷേ, നിലപാട് കടുപ്പിക്കുമെന്ന് സൂചന. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ചില വീഴ്ചകൾ വന്നുവെന്നും മാറ്റം അനിവാര്യമാണെന്നുമാണ് സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. മന്ത്രിസഭാംഗങ്ങളായ ചില സി.പി.ഐ നേതാക്കൾക്കും ചില കാര്യങ്ങളിൽ തൃപ്തിയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ചില വിഷയങ്ങളിൽ എതിർപ്പുണ്ടെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ അക്കാര്യങ്ങളിൽ വിമർശനം നടത്തി മുന്നണിയെ പ്രതിസന്ധിയിലാക്കാൻ സി.പി.ഐ ആഗ്രഹിക്കുന്നില്ല. ഇന്നലെ കെ.ടി. ജലീലിന് അനുകൂലമായ നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ജുഡീഷ്യൽ അന്വേഷണം വന്നിട്ടും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജിവച്ചിരുന്നില്ലെന്നും തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. കാനം ഒഴികെ മറ്റ് സി.പി.ഐ നേതാക്കളൊന്നും ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 23,24 തീയതികളിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൂടുന്നത് വരെ ജലീൽ വിഷയത്തിൽ നേതൃത്വം മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് പാർട്ടിക്കുളളിലെ ധാരണ.
ഇപ്പോൾ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ സംസ്ഥാന സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാകുമെങ്കിലും യോഗത്തിൽ സി.പി.എം കാര്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ മാത്രം പ്രതികരിച്ചാൽ മതിയെന്ന് സി.പി.ഐ തീരുമാനിച്ചിട്ടുണ്ടത്രേ. അതേസമയം, സി.പി.എം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സി.പി.ഐ കരുതുന്നത്. എൻ.ഐ.എ ചോദ്യം ചെയ്തതിനപ്പുറം ജലീലിനെതിരെ എന്തെങ്കിലും ഉണ്ടായാൽ പിന്തുണയ്ക്കുന്നത് അബദ്ധമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന പാക്കറ്റുകളിലെ തൂക്കത്തിൽ വന്ന വ്യത്യാസവും സിആപ്റ്റിന്റെ വാഹനത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയതുമെല്ലാം ജനങ്ങൾക്കിടയിൽ അവമതിപ്പും സംശയവും സൃഷ്ടിച്ചുവെന്നാണ് ചില സി.പി.ഐ നേതാക്കൾ പറയുന്നത്.
സംസ്ഥാനത്ത് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ പോലും സംഘടിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മൂന്ന് കേന്ദ്ര ഏജൻസികളുടെയും അന്വേഷണം നീളുന്നത് ഭൂഷണമല്ല. കേന്ദസർക്കാർ രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിച്ചെന്നിരിക്കാം. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾ മന്ത്രിസഭയ്ക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ലെന്നും സി.പി.ഐ നേതാക്കൾ പറയുന്നു.
മാർക്ക്ദാന വിവാദം ഉൾപ്പെടെ പല ആരോപണങ്ങൾ ഉയർന്നപ്പോഴും ജലീലിനെ ചേർത്തുനിർത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എന്നാൽ മന്ത്രിയെ അന്നേ തിരുത്താൻ സി.പി.എം മെനക്കെട്ടില്ലെന്നാണ് സി.പി.ഐ നേതാക്കളുടെ പക്ഷം. എൻഫോഴ്സ്മെന്റ്, എൻ.ഐ.എ ചോദ്യം ചെയ്യലുകളിൽ മന്ത്രി ഹാജരായ രീതിയേയും സി.പി.ഐ നേതാക്കൾ വിമർശിക്കുന്നു.
ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് പുനരാലോചിക്കണമെങ്കിൽ ജലീലിനെതിരെ തെളിവുകൾ പുറത്തുവരികയോ കോടതിയിൽ ജലീലിനെതിരെ ഇ.ഡി റിപ്പോർട്ട് കൊടുക്കുകയോ വേണമെന്നായിരിക്കും പാർട്ടി എക്സിക്യൂട്ടീവിന് ശേഷം സി.പി.ഐ സ്വീകരിക്കുന്ന സമീപനം. എന്നാൽ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ശക്തമാവുകയും വിവാദങ്ങൾ കൈവിട്ട് പോവുകയും ചെയ്താൽ കൈയ്യുംകെട്ടിയിരിക്കാൻ സി.പി.ഐ തയ്യാറാകില്ലെന്ന് ഒരു മുതിർന്ന നേതാവ് 'ഫ്ളാഷി'നോട് പറഞ്ഞു. എക്സിക്യൂട്ടീവ് യോഗത്തിൽ ജലീലിനെതിരെ വിമർശനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
മുന്നണിയിലെ തിരുത്തൽ ശക്തി
കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിനിടെ ഇടതുപക്ഷ സമീപനങ്ങളിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ എപ്പോഴൊക്കെ വ്യതിചലിച്ചോ അപ്പോഴെല്ലാം മുന്നണിയിലെ തിരുത്തൽ ശക്തിയായി നിന്നത് സി.പി.ഐ ആയിരുന്നു. തോമസ് ചാണ്ടിയുടെ രാജി, പന്തീരങ്കാവ് യു.എ.പി.എ കേസ്, സ്പ്രിൻക്ലർ കരാർ, മാവോയിസ്റ്റ് വേട്ട, അതിരപ്പിളളി വിവാദം എന്നിവയടക്കം പല വിഷയങ്ങളിലും സി.പി.ഐ സർക്കാരിനെതിരെ സ്വീകരിച്ച നിലപാട് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തതാണ്. തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാൻ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ മാറി നിന്ന ചരിത്രം വരെ സി.പി.ഐയ്ക്കുണ്ട്. എന്നാൽ, സർക്കാർ ഏറെ പ്രതിസന്ധിയിലായ ഈ സമയത്ത് സി.പി.ഐ സ്വീകരിക്കുന്ന നിലപാട് സി.പി.എം ഉറ്റുനോക്കുകയാണ്. ശിവശങ്കർ നേരിട്ടതിനെക്കാളും വലിയ ആരോപണങ്ങളും പ്രക്ഷോഭങ്ങളുമാണ് ജലീൽ നേരിടുന്നത്. ഈ സമയത്ത് സി.പി.ഐ മൗനം നടിച്ചാൽ അത് പാർട്ടിയ്ക്ക് തന്നെ ദോഷമായി മാറുമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും പക്ഷം.