ധൻകർ, സെനെഗൽ: '22 ഫീമെയിൽ കോട്ടയം' എന്ന ആഷിക് അബു സിനിമയിൽ ചതിയിൽപ്പെടുത്തി പീഡിപ്പിച്ച നായകന്റെ ലിംഗം ഛേദിച്ചാണ് നഴ്സായ 'നായിക' പ്രതികാരം ചെയ്യുന്നത്. സിനിമയിലെ ശിക്ഷാവിധി അതേപടി നടപ്പാക്കിയിരിക്കുകയാണ് നൈജീരിയയിലെ സംസ്ഥാനമായ കഡുന. ഇവിടെ 14 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുടെ ലൈംഗിക അവയവം ഛേദിക്കാൻ സർക്കാർ ഉത്തരവായി. സ്ത്രീകൾക്കും ഈ നിയമം ബാധകമാണ്. പുതിയ നിയമത്തിൽ നൈജീരിയയിലെ കഡുന ഗവർണർ ഒപ്പുവച്ചു. 14 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർ വധശിക്ഷ നേരിടേണ്ടി വരുമെന്നും പുതിയ നിയമത്തിൽ പറയുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരുഷൻമാരുടെ വൃഷണം ഛേദിക്കാനും സ്ത്രീകളുടെ അണ്ഡവാഹിനിക്കുഴൽ നീക്കം ചെയ്യാനും പുതിയ നിയമം അനുശാസിക്കുന്നു. 14 വയസിന് മുകളിലുള്ളവരെ ബലാത്സംഗം ചെയ്താൽ ജീവപര്യന്തം തടവാണ് പുതുതായി ഭേദഗതി ചെയ്ത പീനൽ കോഡ് പറയുന്നത്. പ്രായപൂർത്തിയായവരെ ബലാത്സംഗം ചെയ്തതിന് 21 വർഷം വരെ തടവും കുട്ടികളെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവും ആണ് കഡുനയിലെ പഴയ നിയമം അനുശാസിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിനിടെ നൈജീരിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകൾ ഗണ്യമായി ഉയർന്നിരുന്നു. പീഡനക്കേസ് പ്രതികൾക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികളെടുക്കണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ബലാത്സംഗത്തിനെതിരായ കർശനമായ നടപടിയാണ് കഡുന സംസ്ഥാനത്തിലെ ഈ പുതിയ നിയമം. നിയമപരമായ സാഡിസമാണിതെന്ന് നൈജീരിയൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഒഡിൻകാലു പ്രതികരിച്ചു. നൈജീരിയയിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങൾ നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനിടയാക്കുന്നു. 35 ലക്ഷം ബാലവധുക്കൾ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്. ചെക്കോസ്ളോവാക്കിയ, ചില അമേരിക്കൻ സംസ്ഥാനങ്ങൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും അതിക്രൂരമായ പീഡനക്കേസ് പ്രതികൾക്ക് രാസവസ്തുക്കൾ ഉപയോഗിച്ച് ലിംഗം കരിക്കുന്നതുൾപ്പെടെയുള്ള ഉൾപ്പെടുള്ള ശിക്ഷകൾ നിലവിലുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കടുത്ത ശിക്ഷ അനിവാര്യമാണ്. -ഗവർണർ നസീർ എൽ റൂഫായ്