ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നൽകുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതാണ് സൗദി സർക്കാരിന്റെ പുതിയ തീരുമാനം. ദീർഘകാലമായി ഉയർന്നുവന്ന ആവശ്യത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഒരേ ജോലിക്ക് വ്യത്യസ്ത ശമ്പളം നൽകുന്ന രീതിയ്ക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയത്. പ്രായം, ലിംഗവ്യത്യാസം, വൈകല്യം തുടങ്ങി ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതും
അതിനനുസൃതമായി ശമ്പളം നിശ്ചയിക്കുന്നതിന് തൊഴിലുടമകളെ വിലക്കുന്നതുമാണ് പുതിയ നിയമം. ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാം തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.
സൗദിയിലെ വനിതാ കൗൺസിൽ അംഗങ്ങളും തങ്ങളുടെ ശമ്പളത്തിലെ വിവേചനത്തിനെതിരെ രംഗത്തെത്തിയിരുന്നു. പുരുഷ സഹപ്രവർത്തകരെക്കാൾ 56 ശതമാനം കുുറഞ്ഞ ശമ്പളമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നാണ് വനിതാ കൗൺസിൽ അംഗങ്ങൾ പരാതിപ്പെട്ടത്. ലോകത്തെ വേതന വ്യവസ്ഥയിൽ ലിംഗവ്യത്യാസത്തിന്റെ പട്ടികയിൽ 107-ാം സ്ഥാനമാണ് സൗദി അറേബ്യയ്ക്കുള്ളത്.