തിരുവനന്തപുരം: തലസ്ഥാന നഗരത്തെ പൂർണമായും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ, പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) ബ്ളാക്ക് സ്‌പോട്ടുകൾ കണ്ടെത്താൻ ട്രാഫിക് സർവേ തുടങ്ങുന്നു. മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവയുടെ സംയുക്ത സംഘമാണ് സർവേ നടത്തുക. 2016നും 2019നും ഇടയിൽ 17,585 റോഡപകടങ്ങളാണ് ജില്ലയിലുണ്ടായത്.
ജില്ലയിലെ 16 ബ്ളാക്ക് സ്‌പോട്ടുകളിൽ 12 എണ്ണം നഗരപരിധിയിലാണ്. അപകടം നടക്കുന്ന സ്ഥലങ്ങൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാണ് ബ്ളാക്ക് സ്‌പോട്ടുകളായി പരിഗണിക്കുക. എന്നാൽ ഒരു കിലോമീറ്റർ ദൂരത്തിൽ സർവേ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഇത്തരത്തിലൊരു രീതി ആദ്യമായാണ് നടപ്പാക്കുന്നത്. അതേസമയം, മുൻ കാലങ്ങളെ അപേക്ഷിച്ച് നഗരത്തിലുണ്ടായ അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2018ൽ 2036 അപകടങ്ങൾ ഉണ്ടായപ്പോൾ 2019ൽ അത് 1704 ആയി കുറഞ്ഞു. തലസ്ഥാനത്തെ അപകടനിരക്കിൽ 16.5 ശതമാനം കുറവാണ് ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
2016 - 19ൽ അപകടം നടന്ന സ്ഥലം,
അപകടങ്ങളുടെ എണ്ണം, മരണം എന്ന ക്രമത്തിൽ
കിഴക്കേകോട്ട- അട്ടക്കുളങ്ങര ജംഗ്ഷൻ: 70, 10
ഓവർബ്രിഡ്‌ജ് - കിഴക്കേകോട്ട ബസ് ഡിപ്പോ: 67, 10
വലിയതുറ - മുട്ടത്തറ റോഡ്: 50, 3
വെള്ളയമ്പലം: 42, 5
മണക്കാട്: 42, 4
വട്ടിയൂർക്കാവ്- തോപ്പുമുക്ക് ജംഗ്ഷൻ: 41, 4
മണ്ണന്തല ജംഗ്ഷൻ: 41, 2
പേട്ട ജംഗ്ഷൻ (പാളയം -എയർപോർട്ട് റോഡ്): 34, 7
വെട്ടുകാട് (വേളി -ശംഖുംമുഖം റോഡ്): 36, 3
വലിയതുറ- ബീമാപള്ളി റോഡ്: 36, 2
പരുത്തിപ്പാറ ജംഗ്ഷൻ: 32, 4
വേളി - പെരുമാതുറ റോഡ്: 29, 6