covid

തിരുവനന്തപുരം: കൊവിഡിന്റെ സംസ്ഥാനത്തെ രോഗവ്യാപന ശരാശരി (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്- ടി.പി.ആർ) ദേശീയ ശരാശരിക്ക് മുകളിലായതിന് പിന്നാലെ തലസ്ഥാന ജില്ലയിലെ കഴിഞ്ഞയാഴ്ചത്തെ ടി.പി.ആറും ഉയർന്നുതന്നെ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യവാരത്തിൽ ടി.പി.ആർ 13 ശതമാനം ആയിരുന്നു. രണ്ടാംവാരം ഇത് 13.92 ഉം മൂന്നാംവാരം 13.36 ശതമാനവുമായി.

58 ശതമാനത്തിന്റെ ഉയർച്ച

ഈ മാസം ഒന്നു മുതൽ 21വരെ 11,​000 കൊവിഡ് രോഗികളാണ് ജില്ലയിലുണ്ടായത്. 84 മരണങ്ങളും സംഭവിച്ചു. ആദ്യ ആഴ്ച 2955 പേർ രോഗബാധിതരായപ്പോൾ മൂന്നാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ 58 ശതമാനത്തിന്റെ ഉയർച്ചയുണ്ടായി. സെപ്തംബർ ആദ്യവാരം 2955 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നാം വാരത്തിൽ പോസിറ്റിവ് കേസുകൾ 4670 ആയി ഉയർന്നു.

ജൂലായ് മൂന്നാം വാരം മുതൽതന്നെ ജില്ലയിൽ ആഴ്ചയിലെ ടി.പി.ആർ 10 ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. അന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ടി.പി.ആർ മൂന്നാം വാരത്തിൽ രേഖപ്പെടുത്തിയ 12.74 ശതമാനം ആയിരുന്നു. അതേസമയം ആഗസ്റ്റിൽ താരതമ്യേന കുറഞ്ഞ ടി.പി.ആർ ആണ് രേഖപ്പെടുത്തിയിരുന്നത്. 11ന് താഴെയായിരുന്നു അന്ന് രോഗവ്യാപന നിരക്ക്.

പരിശോധന കൂട്ടി

കൊവിഡ് അതിവേഗം വ്യാപിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം 5000 ആയി ഉയർത്തി. ജൂലായ് മുതൽ പരിശോധനകളുടെ എണ്ണം ജില്ലാഭരണകൂടം ക്രമേണ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. ഇതോടെ ജില്ലയിൽ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2 ലക്ഷവും പിന്നിട്ടു.