തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ച എം എൽ എമാരെ അറസ്റ്റുചെയ്തു നീക്കി. ഷാഫിപറമ്പിലും കെ എസ് ശബരീനാഥനുമാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
നേരത്തേ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടർന്നാണ് എം എൽ എമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവർത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ പ്രവർത്തകരുടെ ചിത്രങ്ങളും ഇവർ ഉയർത്തിക്കാട്ടി.പ്രതിഷേധിക്കാൻ പോലും അനുവദിക്കാത്ത ധാർഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയാണെന്നും എം എൽ എമാർ പറഞ്ഞു. .
റോഡിൽ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത് നീക്കിയത്.