ബീജിംഗ്: ചൈനീസ് കമ്പനിയായ കാൻസിനോ ബയോളജിക്‌സും സൈനിക ഗവേഷണ യൂണിറ്റും ചേർന്ന് വികസിപ്പിച്ചെടുത്ത എഡി5-എൻകോവ് വാക്‌സിൻ ഇരട്ട ഡോസ് പരീക്ഷണത്തിന് ഒരുങ്ങി ചൈനീസ് ഗവേഷകർ.
ചൈനീസ് സേനയിൽ ഉപയോഗിക്കാൻ അംഗീകാരം നേടിയിട്ടുളള ഈ വാക്‌സിന്റെ ഒറ്റഡോസ് അവസാന ഘട്ട പരീക്ഷണം നിലവിൽ റഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നടക്കുകയാണ്. എന്നാൽ ഈ വാക്‌സിനിൽ ഉപയോഗിക്കുന്നത് സാധാരണ ജലദോഷ വൈറസ് ആണ്. അതിനാൽ തന്നെ കൊവിഡ് രോഗം തടയാനുളള വാക്‌സിൻ ഉപയോഗിക്കുന്നത് മൂലം വാക്‌സിൻ പരീക്ഷിച്ചവർക്ക് ജലദോഷ വൈറസിനെ ഭാവിയിൽ ഫലപ്രദമായി നേരിടാനാകുമോ എന്ന് മറ്റ് ഗവേഷകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ സംശയങ്ങളെയെല്ലാം കാൻസിനൊ കമ്പനി തളളിക്കളയുന്നു. ഇത്തരം ആരോപണങ്ങൾക്ക് ഒരു തെളിവുമില്ലെന്ന് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണ ഫലങ്ങൾ ചൂണ്ടിക്കാട്ടി കമ്പനി പറയുന്നു. കഴിഞ്ഞ ജുലായ് മാസത്തിൽ രണ്ടാമതൊരു ഡോസ് വാക്‌സിൻ കൊണ്ട് ഫലപ്രദമായ രോഗപ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. മുൻപ് എബോള വൈറസ് വാക്‌സിൻ വികസിപ്പിച്ചെടുത്ത അനുഭവ സമ്പത്തിൽ നിന്നാണ് കമ്പനി ഇങ്ങനെ അവകാശപ്പെട്ടത്.
ഇരട്ട ഡോസ് വാക്‌സിൻ പരീക്ഷണത്തിലൂടെ പ്രതിരോധ ശേഷി നൽകാനുളള വാക്‌സിന്റെ ശേഷി പരിശോധിക്കും. വുഹാനിൽ ആരംഭിക്കാനിരിക്കുന്ന പരീക്ഷണം 168 പേരിലാകും നടത്തുക എന്ന് കമ്പനി അറിയിച്ചു. സെപ്‌തംബർ 20നാണ് പരീക്ഷണം ആരംഭിക്കുക.