ബ്രിട്ടൻ: യൂറോപ്പിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു.
യൂറോപ്പിൽ വീണ്ടും സമൂഹവ്യാപനത്തിന്റെ അപായസൂചനകൾ കാണുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാൻ യു.കെ ഗവൺമെന്റ് ആലോചിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അടുത്തയാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് ബി.ബി.സി പറയുന്നത്. ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യൂറോപ്പിൽ കൊവിഡ് മൂലമുള്ള മരണം കൂടിയേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് ശക്തമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയേക്കും. സ്‌പെയിനിൽ മാഡ്രിഡിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രാജ്യമായി വന്നത് ഇറ്റലിയും രണ്ടാമത് സ്‌പെയിനുമായിരുന്നു. യു.കെയും കൊവിഡ് കേസുകളിലും മരണങ്ങളിലും മുന്നിലായിരുന്നു. പിന്നീടാണ് യു.എസിലും ബ്രസീലിലും കേസുകളും മരണവും കൂടിയത്.