നാഡികൾക്ക് തകരാറുണ്ടാക്കുന്ന ഗുരുതര രോഗമായിരുന്നു ബ്രിട്ടിഷ് റോബോട്ട് ശാസ്ത്രജ്ഞനായ പീറ്റർ സ്കോട്ട് മോർഗന് . റോബോട്ടിക് സഹായത്തോടെയാണ് അദ്ദേഹം ജീവിക്കുന്നത്. ശ്വസിക്കാനും, ഭക്ഷണം കഴിക്കാനും, ആശയവിനിമയം നടത്താനും റോബോട്ടിക് മെഡിക്കൽ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്ന പീറ്റർ തീരുമാനിച്ചു, ആരോഗ്യം ക്ഷയിച്ച് മരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ റോബോട്ട് ആയി മാറും. -ലോകത്തിലെ ഏറ്റവും ആധുനിക യന്ത്രമനുഷ്യൻ. അത് സാധ്യമാക്കുകയും ചെയ്തു. സ്കോട്ട്-മോർഗൻ സൈബോർഗ് ആകാനാണ് ആഗ്രഹിച്ചത്. അതും, മരണത്തെ തടയാനല്ല. മനുഷ്യ പരിണാമത്തിന്റെ പുതിയ ഒരു തലം കണ്ടെത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. "എനിക്കറിയാം, ഇതെല്ലാം സയൻസ് ഫിക്ഷൻ പോലെ തോന്നുന്നുവെന്ന്,” അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു. "എന്നാൽ ലോകത്തിലെ ചില മുൻനിര ഹൈടെക് മെഗാകോർപ്പറേഷനുകൾ ഇത് സാധ്യമാക്കാൻ ഒരുങ്ങുകയാണ്. അതും ഈ വർഷാവസാനത്തോടെ." ശരീര പ്രവർത്തനം റോബോട്ട് പതിയെ ഏറ്റെടുത്തത് വഴി പീറ്റർ ലോകത്തിലെ ആദ്യ സൈബോർഗ് ആയി മാറി. അടുത്ത വർഷം വരാനിരിക്കുന്ന "വിപ്ലവകരമായ" ചില സാങ്കേതിക വിദ്യകൾ വഴി ഈ പരിണാമം തുടരുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സൈബോർഗ് ആകുന്നതിനു മുൻപായി അപകടകരമായ നിരവധി സങ്കീർണ ഓപ്പറേഷനുകൾ നടത്തേണ്ടി വന്നു. പേശിബലം നഷ്ടപ്പെടുന്നതിനുമുമ്പ് മുഖഭാവങ്ങൾ പുനഃസൃഷ്ടിക്കാൻ കഴിയുന്ന അവതാർ, കണ്ണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ നിയന്ത്രിക്കാൻ ഉള്ള സാങ്കേതികവിദ്യ, ശബ്ദം നഷ്ടപെടുന്നതിനു മുൻപായി ശബ്ദത്തിന്റെ റെക്കോർഡിങ് എന്നിവ ചെയ്തിട്ടുണ്ട്. 1963-ൽ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന് ബാധിച്ച അതേ, രോഗമാണ് പീറ്ററിന്. ശരീരം തളർന്ന നിലയിൽ അദ്ദേഹത്തിന് ജീവിക്കേണ്ടി വരുന്നു. ജീവൻ നിലനിർത്തുവാനായി ശരീരത്തിലെ ഓരോ അവയവങ്ങളുടെയും ജോലിയും മെഷീനുകളാണ് നോക്കുന്നത്. തന്റെ പങ്കാളി ഫ്രാൻസിസിനൊപ്പം, എ ഐ റോബോട്ടിക്സ് എന്നിവയുടെ ധാർമ്മിക ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി പീറ്റർ ഒരു ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്.