ബീജിംഗ്: ചൈനയുടെ ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലുണ്ടായ ചോർച്ചയെ തുടർന്ന് ആയിരത്തിലധികം പേർക്ക് ബാക്ടീരിയ പടർത്തുന്ന ബ്രൂസല്ലോസിസ് രോഗം ബാധിച്ചതായി വിവരം. വടക്കുപടിഞ്ഞാറൻ ചൈനയിലാണ് സംഭവം. സർക്കാർ അധീനതയിലുള്ള ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ മൃഗങ്ങൾക്ക് വേണ്ടി വാക്സിൻ നിർമിക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്.
ഗാൻസു പ്രവിശ്യയിലെ ലാൻഷോ നഗരത്തിൽ ഇതുവരെ 3245 പേർക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ 200ഓളം പേർക്ക് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. ലാൻഷോ സർവകലാശാലയിലെ 20ഓളം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നതായി ഷിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വാക്സിൻ ചോർച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ 1,401 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പ്ലാന്റിൽ കാലാവധി കഴിഞ്ഞ അണുനാശിനികൾ ബ്രൂസല്ല വാക്സിൻ നിർമിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലാൻഷോ ആരോഗ്യ അധികൃതർ കണ്ടെത്തിയിരുന്നു. ബ്രൂസല്ല ബാക്ടീരിയ പടർത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്.
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വിരളമായി മാത്രമേ ബ്രൂസല്ലോസിസ് പകരൂവെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ബാക്ടീരിയ അടങ്ങിയ വായു ശ്വസിക്കുന്നതിലൂടെയുമാണ് രോഗം ബാധിക്കുക.
വാക്സിൻ ചോർച്ചയെ തുടർന്ന് ബയോ ഫാർമ നേരത്തേ മാപ്പ് ചോദിച്ചിരുന്നു. ലാൻഷോ അധികൃതർ കമ്പനിയുടെ ബ്രൂസല്ലോസിസ് വാക്സിൻ നിർമാണ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
ബ്രൂസല്ലോസിസ് അപൂർവമായി മനുഷ്യരിലുണ്ടാകുന്ന ഈ ബാക്ടീരിയൽ രോഗം സാധാരണയായി മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുക. ആട്, പന്നി, കന്നുകാലികൾ തുടങ്ങിയവ രോഗവാഹകരാകാം. പാസ്ചുറൈസ് ചെയ്യാത്ത പാലുത്പന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്താം. രോഗബാധിതർക്ക് പനി, സന്ധിവേദന, തലവേദന തുടങ്ങിയവയുണ്ടാകും. ചിലരിൽ വയറുവേദനവും ചുമയും ഛർദ്ദിയും കണ്ടുവരാറുണ്ട്.