p-j-joseph-jose-k-mani

തിരുവനന്തപുരം: ജോസ്.കെ മാണി യു.ഡി.എഫിൽ നിന്ന് പുറത്തുപോയതോടെ മുന്നണിയിലെ ശക്തരായ കേരള കോൺഗ്രസായി മാറിയെന്ന് അവകാശപ്പെടുന്ന ജോസഫ് വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ 'ഫ്ളാഷി'നോട് സ്ഥിരീകരിച്ചു. ജോസ് വിഭാഗത്തിന്റെ അഭാവം മുന്നണിയെ ബാധിക്കാത്ത തരത്തിൽ പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകളെ യു.ഡി.എഫിൽ പിടിച്ചു നിറുത്താൻ തങ്ങൾക്ക് കഴിയുമെന്ന് ജോസഫ് വിഭാഗം മുന്നണി നേതൃത്വത്തെ ധരിപ്പിക്കും.

ജേക്കബ് വിഭാഗത്തിൽ നിന്ന് ജോണി നെല്ലൂരും ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് മുന്നണി തന്നെ മാറി ഫ്രാൻസിസ് ജോർജും കൂടി പാർട്ടിയിലേക്ക് വന്നതോടെ മറ്റേതൊരു കേരള കോൺഗ്രസിനേക്കാളും ശക്തി തങ്ങൾക്കാണെന്ന് ജോസഫ് പക്ഷം അവകാശപ്പെടുന്നു. അതിനാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ കരുത്തിനനുസരിച്ച് കൂടുതൽ സീറ്റുകൾ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടു നൽകണമെന്ന് യു.ഡി.എഫിൽ ആവശ്യപ്പെടാനാണ് പി.ജെ ജോസഫ് തയ്യാറെടുക്കുന്നത്.

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ (കോട്ടയം), തൊടുപുഴ, ഇടുക്കി (ഇടുക്കി) തിരുവല്ല (പത്തനംതിട്ട) കുട്ടനാട് (ആലപ്പുഴ ), കോതമംഗലം (എറണാകുളം ), ഇരിങ്ങാലക്കുട (തൃശൂർ), ആലത്തൂർ (പാലക്കാട് ), പേരാമ്പ്ര (കോഴിക്കോട് ), തളിപ്പറമ്പ് (കണ്ണൂർ ) എന്നീ പതിനഞ്ച് സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ചത്.

ഇതിൽ തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് എന്നീ നാല് മണ്ഡലങ്ങളിയിരുന്നു ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും വിജയിച്ചപ്പോൾ കോതമംഗലത്തും കുട്ടനാട്ടിലും പരാജയം നേരിടേണ്ടി വന്നു. ബാക്കിയുള്ള 11 സീറ്റുകളിലും മാണി വിഭാഗമാണ് മത്സരിച്ചത്.

അന്ന് മത്സരിച്ച പലരും ഇപ്പോൾ ജോസഫിനൊപ്പം

പാലായിൽ കെ.എം മാണി, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ചങ്ങനാശേരിയിൽ സി.എഫ് തോമസ്, കാഞ്ഞിരപ്പള്ളിയിൽ എൻ.ജയരാജ് എന്നീ നാല് സീറ്റുകളിലാണ് 2016ലെ തിരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് ജയിക്കാനായത്. ഉപതിരഞ്ഞെടുപ്പിൽ പാല നഷ്ടപ്പെടുകയും സി.എഫ് തോമസ് ജോസഫ് പക്ഷത്തേക്ക് ചേക്കേറുകയും ചെയ്തതോടെ നിലവിൽ ഇടുക്കിയും കാഞ്ഞിരപ്പള്ളിയും മാത്രമാണ് ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റുകളായി ഉള്ളത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നിന്നും മത്സരിച്ച തോമസ് ഉണ്ണിയാടനും പിന്നീട് ജോസഫ് പക്ഷത്തേക്ക് മാറി.

ഇടുക്കിയിൽ ജയിച്ച റോഷി അഗസ്റ്റിൻ ജോസ്.കെ മാണിക്ക് ഒപ്പമാണെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്ന് പരാജയപ്പെട്ട ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജോസഫിനൊപ്പമാണ്. സ്വാഭാവികമായും ശക്തമായ മത്സരം നടക്കുമെന്നതിനാൽ ആ സീറ്റിന് വേണ്ടിയും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട്, ഇടുക്കി എന്നീ ഏഴു സീറ്റുകൾ തങ്ങൾക്ക് ഉറപ്പാണെന്ന് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ, ഇതു മാത്രം പോരാ എന്ന നിലപാട് ജോസഫ് യു.ഡി.എഫിനെ അറിയിക്കും.

കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും യു.ഡി.എഫിനോട് ചോദിച്ച് വാങ്ങാനാണ് നീക്കം. മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകൾ കൂടി ലക്ഷ്യമിട്ടാണ്. അതേസമയം ജോസ് പോയതോടെ കോട്ടയം ജില്ലയിൽ ഒഴിവ് വരുന്ന സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കളും സജീവമായി രംഗത്തുണ്ട്.

കോൺഗ്രസ് നീക്കം

കേരള കോൺഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവയ്‌ക്ക് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നു. ഒരിടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയിൽ നിന്നും കൂടുതൽ സീറ്റുകളിൽ മത്സരിച്ച് വിജയിക്കുക എന്നതാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. നിലവിൽ ജില്ലയിലെ കോട്ടയം, വൈക്കം, പുതുപ്പള്ളി മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്.

ഇടത് പ്ളാൻ

യു.ഡി.എഫ് വിട്ട ജോസ്.കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എൽ.ഡി.എഫിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയാൽ മുന്നണി പ്രവേശനം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരു വിഭാഗം നേതാക്കളും തമ്മിൽ ഇതിനോടകം തന്നെ മുന്നണി പ്രവേശ ചർച്ചകൾ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

ജോസ് വിഭാഗത്തിന്റെ തട്ടകമായ പാല എൻ.സി.പിയിൽ നിന്നും വാങ്ങി നൽകാൻ സി.പി.എം മുൻകൈ എടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോട്ടയം ജില്ലയിൽ പാലയ്‌ക്ക് പുറമേ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി മണ്ഡലങ്ങളും ഇടുക്കിയും ജോസ് വിഭാഗം ചോദിക്കുമെന്ന് ഉറപ്പാണ്.

തൊടുപുഴയ്‌ക്ക് പുറമേ പുതുപ്പളളിയോ കോട്ടയമോ കൂടി ജോസ്.കെ മാണിയ്‌ക്ക് എൽ.ഡി.എഫ് നൽകിയേക്കാൻ സാദ്ധ്യതയുണ്ട്. ബാക്കി ഏതെല്ലാം സീറ്റുകൾ കിട്ടുമെന്ന് ഒൗദ്യോഗിക ചർച്ചകൾക്ക് ശേഷമേ പറയാൻ സാധിക്കൂവെന്ന് ജോസ് വിഭാഗത്തിലെ ഒരു ഉന്നത നേതാവ് 'ഫ്ളാഷി'നോട് പറഞ്ഞു.