hemachandran

തിരുവനന്തപുരം: നിയമസഭ അംഗത്വത്തിന്റെ അര നൂ‌റ്റാണ്ട് കാലം ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയുടെ സ്വഭാവ വൈശിഷ്‌ട്യത്തെ കുറിച്ച് ഓ‌ർമ്മകളുമായി മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി നിയമത്തിന്റെ കാര്യം വരുമ്പോൾ താനുമൊരു സാധാരണ പൗരനാണ് എന്ന് തെളിയിക്കുന്നതിന് ഉദാഹരമായാണ് ഹേമചന്ദ്രൻ തനിക്കുണ്ടായ അനുഭവം പങ്കുവയ്‌ക്കുന്നത്.

സൗത്ത് സോൺ എ.ഡി.ജി.പി ആയിരിക്കെ നഗരത്തിലെ ഗതാഗതം കർശനമാക്കാൻ താൻ നി‌ർദ്ദേശം നൽകിയിരുന്നു. ആ സമയം സി‌റ്റി ട്രാഫിക്കിലെ ഉന്നത ഉദ്യോഗസ്ഥർ ഓഫീസിലേക്ക് അൽപം ടെൻഷനോടെ കടന്നുവന്നു. കാര്യമിതായിരുന്നു. ബേക്കറി ജംഗ്‌ഷനിൽ നോ പാർക്കിംഗ് ഭാഗത്ത് നിർ‌ത്തിയിട്ടിരുന്ന ഒരു വാഹനത്തിൽ നിയമ ലംഘനത്തിന് പൊലീസ് സ്‌റ്റിക്കർ ഒട്ടിച്ചു. എന്നാൽ പിന്നീട് അത് മുഖ്യമന്ത്രിയുടെ ഭാര്യയുടെ വാഹനമാണെന്ന് അറിഞ്ഞു.

ഈ സമയം പ്രശ്‌നം പരിഹരിക്കാനായി ഉദ്യോഗസ്ഥർ ക്ളിഫ്‌ഹൗസിലെത്തി. ആ സമയം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീട്ടിലുണ്ടായിരുന്നു. പ്രശ്‌നം അറിഞ്ഞ അദ്ദേഹം ഫൈൻ എത്രയാണെന്ന് ചോദിച്ച് ആ പണം അടക്കുകയായിരുന്നു എന്ന് ഹേമചന്ദ്രൻ പറയുന്നു. രാഷ്‌ട്രീയ പ്രവർത്തകർ മുതൽ ഉദ്യോഗസ്ഥർ വരെ നിസാര കാര്യങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന സ്ഥാനത്താണ് ഉമ്മൻചാണ്ടി മാതൃകയായത് എന്ന് ഡി.ജി.പി ഹേമചന്ദ്രൻ ഓർക്കുന്നു.