ന്യൂഡൽഹി:പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരുടെയും ദേശീയ സുരക്ഷ പോലെ നിർണായക വകുപ്പുകളുടെയും പൗരന്മാരുടെയും വിവരങ്ങൾ സൂക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ഏജൻസിയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഐ. ടി സേവനങ്ങളുടെ സിരാകേന്ദ്രവുമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ( എൻ. ഐ. സി ) നൂറോളം കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത്
വിവരങ്ങൾ മോഷ്‌ടിച്ചതായി റിപ്പോർട്ട്. ഈ മാസം ആദ്യം നടന്ന സൈബർ ആക്രമണത്തെ പറ്റി
ഡൽഹി പൊലീസ് സ‌്പെഷ്യൽ സെൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളിൽ ശേഖരിച്ചിരുന്നു.അജിത് ഡോവലുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.ഇതോടെ രാജ്യത്തിന്റെ സൈബർ സെക്യൂരിറ്റിയെ പറ്റിയും ആശങ്ക പരന്നു.
@ആക്രമണം ഇ - മെയിൽ വഴി
ഡൽഹിയിൽ ഐ. ടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിലെ ഒരു ജീവനക്കാരന് ബംഗളുരുവിലെ ഒരു ഐ.ടി കമ്പനിയുടെ പേരിൽ വന്ന ഇ -മെയിൽ തുറന്നപ്പോൾ കംപ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിവരം.ഇ - മെയിലിലെ വൈറസ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലെ വിവരങ്ങൾ ചോർന്നു. പിന്നീട് കംപ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് ആക്രമണം ബാധിച്ചു.ഇ- മെയിലിന്റെ ഐ.പി വിലാസം പരിശോധിച്ച എൻ.ഐ.സിയുടെ സൈബർ സുരക്ഷാ വിഭാഗം വിദേശ കമ്പനികളുടെ ജോലികൾ ചെയ്യുന്ന ബംഗളുരുവിലെ ഐ. ടി കമ്പനിയുടെ പേരിൽ അമേരിക്കയിൽ നിന്ന് വ്യാജ സെർവറിലൂടെയാണ് ഇ - മെയിൽ അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇ- മെയിൽ തുറക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാക്കിംഗ് സംശയം ബലപ്പെട്ടത്.
@ചൈനീസ് നിരീക്ഷണത്തിന് പിന്നാലെ
ചൈനീസ് സർക്കാരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ളസെൻഹുവാ ഡേറ്റാ ഇൻഫർമേഷൻ കമ്പനി രാഷ്‌ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി ഇന്ത്യയിലെ ആയിരത്തോളം പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതിന് പിന്നാലെ എൻ.ഐ.സിയുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് ഏറെ പ്രാധാന്യമുണ്ട്. ചൈനീസ് കമ്പനിയുടെ നിരീക്ഷണം അന്വേഷിക്കാൻ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിക്ക് കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വെയ്ദോംഗിനെ അതൃപ്‌തി അറിയിക്കുകയും ചെയ്‌തിരുന്നു.
എൻ. ഐ. സിയുടെ ചുമതലകൾ
@സർക്കാരിന്റെ ഐ. ടി സാങ്കേതിക, നെറ്റ്‌വർക്കിംഗ് ജോലികൾ
@സർക്കാരിന്റെ ഇ - മെയിൽ, വിഡിയോ കോൺഫറൻസിംഗ്, വെബ് ഹോസ്റ്റിംഗ്
@സർവകലാശാലകൾക്കും സർക്കാർ ഏൻസികൾക്കും ഇന്റർനെറ്റ് സൗകര്യം
@വിവിധ മേഖലകളിലെ ഡേറ്റ ശേഖരിക്കൽ
അജിത്ഡോവൽ കമന്റ്
സൈബർ ആക്രമണങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയാണ്. ഏതുതരം സൈബർ ആക്രമണത്തിനും നമ്മൾ ഇരയാകാം. അതിനാൽ ഉത്തരവാദിത്തത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കണം
അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്
(പൊലീസിന്റെ കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പറഞ്ഞത്)