റെവാരി: പാകിസ്ഥാന്റെ മിലിട്ടറി ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തികൊടുത്ത മിലിട്ടറി എൻജിനീയറിംഗ് സർവീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് മഹേഷ് കുമാറിനെ (28) അറസ്റ്റ് ചെയ്തത്. സമൂഹ മാദ്ധ്യമങ്ങൾ വഴി മഹേഷ് കുമാറിനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇയാൾക്ക് പാകിസ്ഥാനുമായി രഹസ്യ ബന്ധമുണ്ടെന്നും ഒരു യുവതി വഴിയാണ് വിവരങ്ങൾ കൈമാറിയിരുന്നതെന്നും ഇതിനായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും മിലിട്ടറി ഇന്റലിജൻസിന്റെ ലക്നൗ വിഭാഗം പറഞ്ഞു. ഹരിയാനയിലെ റെവാരിയിൽ വച്ച് അറസ്റ്റിലായ ഇയാളെ മിലിട്ടറി ഇന്റലിജൻസും ഹരിയാന പൊലീസിന്റെ എസ്.ടി.എഫും സംയുക്തമായി ചോദ്യം ചെയ്തു. പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമായി രാജസ്ഥാനിലെ ഒരു എം.ഇ.എസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജൂണിൽ മിലിട്ടറി ഇന്റലിജൻസ് 'മാഡം ജി' എന്ന പേരിൽ ഓപ്പറേഷന് തുടക്കമിട്ടിരുന്നു. പാകിസ്ഥാനിലുള്ള സ്ത്രീയെ ഇയാൾ മാഡം ജി എന്നാണ് വിളിച്ചിരുന്നത്. പിന്നാലെ ഇയാളെ നിരീക്ഷണത്തിലാക്കി. പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരായ മൂന്ന് സ്ത്രീകളുമായി ഇയാൾ ഫേസ്ബുക്കിൽ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. ജയ്പുർ കേന്ദ്രമായ സൈനിക ബ്രിഗേഡിന്റെ വിവരങ്ങളും പല മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും പാകിസ്ഥാൻ കൈമാറിയതായി ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മിലിട്ടറി എൻജിനിയറിംഗ് സർവീസസ് ഓഫീസിലെത്തുന്ന പല ഉദ്യോഗസ്ഥരോടും സംസാരിക്കുകയും അതിലൂടെ അറിയാൻ കഴിഞ്ഞ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതായും ഇയാൾ പറയുന്നു. പല കത്തുകളുടെയും രേഖകളുടെയും ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.