വാഷിംഗ്ടൺ: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെെനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ ചെെനയ്ക്കെതിരെ നടപടിയുമായി അമേരിക്ക. ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഞായറാഴ്ച മുതൽ യു.എസിൽ നിരോധനമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് നടപടി.
ആപ്പുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് യു.എസ് വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ഈ ആപ്പുകൾ ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. രാജ്യസുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകൾ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കൻ കമ്പനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ടിക്ടോക് ഉൾപ്പെടെയുളള 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് യു.എസും ആപ്പുകൾ നിരോധിച്ചത്.