ശ്രീനഗർ: ജൂലായിൽ ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ മൂന്ന് പേർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുട്ടലിലാണെന്ന് തെളിഞ്ഞതായും പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.
ഷോപ്പിയാൻ ജില്ലയിലെ അംശിപുര ഗ്രാമത്തിൽ മൂന്ന് ഭീകരരെ വധിച്ചെന്ന വാർത്ത ജൂലായ് 18നാണ് സൈന്യം പുറത്തു വിട്ടത്. എന്നാൽ കൊല്ലപ്പെട്ട യുവാക്കൾ ഷോപ്പിയാനിലെ തൊഴിലാളികളാണെന്ന് പറഞ്ഞ് കുടുംബാംഗങ്ങളും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. തുടർന്ന് സൈന്യം നടത്തിയ അന്വേഷണത്തിലാണ് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞത്. സൈനികോദ്യോഗസ്ഥർ അഫ്സ്‌പാ നിയമത്തിലെ അധികാരങ്ങൾ ദുരുപയോഗം ചെയ്തതായി പ്രാഥമിക തെളിവുകൾ ലഭിച്ചു. റെക്കാഡ് വേഗത്തിൽ നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി. ഓപ്പറേഷനിടെ സൈനികർ അഫ്സ്‌പാ നിയമത്തിലെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിച്ചെന്നും സുപ്രീം കോടതിയുടെ അംഗീകാരത്തോടെ സംയുക്ത സേനാമേധാവി നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചെന്നും തെളിയിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചു. തുടർന്ന് കുറ്റക്കാർക്കെതിരെ സൈനിക നിയമപ്രകാരം ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകി.' സേന പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനികർ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ ധാർമ്മികത കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
1990ലെ അഫ്സ്‌പാ നിയമം അനുസരിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് വാറണ്ടില്ലാതെ ആളുകളെ അറസ്റ്റു ചെയ്യാനും, വെടിവയ്ക്കാനും അധികാരമുണ്ട്.