കേരളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള നടിയാണ് കാർത്തിക മേനോൻ എന്ന ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ച ഭാവന അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു. സ്വപ്നക്കൂട്, ചോട്ടാ മുംബയ്, അമൃതം തുടങ്ങിയ നിരവധി സിനിമകളിൽ തന്റെ അഭിനയ പ്രാവീണ്യം തെളിയിച്ച നടിക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്.
'കർമ്മം' എന്ന ഇന്ത്യൻ ആത്മീയ സങ്കൽപ്പത്തെക്കുറിച്ചുള്ള നടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'മറ്റൊരാൾക്ക് നിങ്ങൾ ചെയ്ത ദ്രോഹം നിങ്ങൾക്ക് ഒരിക്കലും മനസിലാകില്ല, അതേ കാര്യം നിങ്ങളോടു വേറൊരാൾ ചെയ്യുന്നത് വരെ - കർമ്മ.' എന്നതായിരുന്നു ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
നിമിഷനേരം കൊണ്ട് ഹിറ്റായ പോസ്റ്റിനു കീഴിൽ ഗായിക സയനോര, നടിമാരായ മൃദുല മുരളി, ഷഫ്ന എന്നിവരുൾപ്പടെ നിരവധി പേർ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്. ഭർത്താവ് നവീനിന്റെ ബംഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോൾ. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. 'ഇൻസ്പെക്ടർ 'വിക്രം', 'ബജ്രംഗി 2', 'ഗോവിന്ദ ഗോവിന്ദ', 'ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട് കോം' എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങൾ.