lg-wing

കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് വിപണിയിൽ സ്മാർട്ട്ഫോണുകളുടെ പുത്തൻ മോഡലുകൾ കുമിഞ്ഞുകൂടുന്നത്. പുതുതായി പുറത്തിറങ്ങിയ ഒരു ഫോൺ വാങ്ങിയ ഉപഭോക്താവിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, തന്റെ ഫോണിനേക്കാൾ വിലക്കുറവുള്ള, അതേസമയം കൂടുതൽ ഫീച്ചേഴ്സുള്ള ഫോണുകൾ വിപണി ഭരിക്കുന്നത് കാണേണ്ടി വരുന്ന സ്ഥിതിവിശേഷവും അപൂർവമല്ല. ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച മൊബൈൽ ഫോണുകൾ വിപണിയിലെത്തിക്കാനാണ് സ്മാർട്ട്ഫോൺ മേഖലയിലെ വമ്പന്മാരായ ആപ്പിൾ, ഷവോമി, വിവോ, റിയമി, സാംസങ്ങ് തുടങ്ങിയ കമ്പനികൾ ശ്രമിക്കുന്നത്.

ഇക്കാരണം കൊണ്ടുതന്നെ സ്മാർട്ട് വിപണി അടക്കിഭരിക്കുന്ന ഈ കമ്പനികൾക്കിടയിലെ കിടമത്സരവും അതിതീവ്രമാണ്. ഉപഭോക്താക്താക്കൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഏറ്റവും നൂതനമായ സ്മാർട്ട്ഫോണുകൾ രംഗത്തിറക്കാനുള്ള കമ്പനികളുടെ 'പല്ലും നഖവും' ഉപയോഗിച്ചിട്ടുള്ള ഈ മത്സരത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് രണ്ട് കമ്പനികളാണ്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും ചൈനീസ് കമ്പനിയായ 'വിവോ'യും. 2018 വിവോ പുറത്തിറക്കിയ 'വിവോ നെക്സി'ലൂടെയാണ് ടെക്ക് ലോകം ആദ്യമായി 'പോപ്പ് അപ്പ് സെൽഫി ക്യാമറ'യെ ആദ്യമായി പരിചയപ്പെടുന്നത്.

lg2

'പോപ്പ് അപ്പ് സെൽഫി ക്യാം സെറ്റപ്പി'ലൂടെ 'മാക്സിമം സ്ക്രീൻ' എന്ന ആശയത്തിനെ അതിന്റെ പൂർണതയിൽ എത്തിക്കുകയായിരുന്നു വിവോ. അടുത്ത് തന്നെ പുറത്തിറങ്ങുന്ന 'വിവോ എക്സ് 50'യിലൂടെ ഒന്നുകൂടി ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങുക കൂടിയാണ് വിവോ. മികച്ച വീഡിയോ സ്റ്റെബിലിറ്റി നൽകുന്ന, ആരും ഇന്നുവരെ കാണാത്ത 'റൊട്ടേറ്റിംഗ് ക്യാമറ(ജിമ്പൽ ക്യാമറ)' സംവിധാനമാണ് വിവോ 'എക്സ് 50'യിലൂടെ കമ്പനി അവതരിപ്പിക്കുന്നത്. ഇതുപോലെതന്നെ പുത്തൻ സാങ്കേതിക വിദ്യകൾ അവതരിപിക്കുന്നതിൽ മുൻപന്തിയിലുള്ള മറ്റൊരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസങ്ങ്.

ലോകത്തിൽ ആദ്യമായി 'സൂപ്പർ അമോലെഡ് എച്ച്.ഡി ഡിസ്‌പ്ലേ'കളുള്ള ഫോണുകൾ പുറത്തിറക്കിയത് ഈ ദക്ഷിണ കൊറിയൻ ടെക്ക് രാജാവായിരുന്നു. ഇതിനു പുറകെ, വയർലെസ് ചാർജിംഗ് സംവിധാനം, നനവിനെ പ്രതിരോധിക്കുന്ന ഐ.പി റേറ്റിംഗോടുകൂടിയ ഫോൺ എന്നിവ സാംസങ്ങ് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുകയുണ്ടായി. എന്നാൽ 2019ലാണ് സാംസങ്ങ് ടെക്ക് ലോകത്തെ കാര്യമായി ഒന്ന് ഞെട്ടിച്ചത്. മടക്കാനാകുന്ന ഡിസ്‌പ്ളേയുള്ള 'സാംസങ്ങ് ഗ്യാലക്സി ഫോൾഡ്' പുറത്തിറക്കികൊണ്ടായിരുന്നു ഇത്. സ്മാർട്ട്ഫോൺ മേഖലയിലെ ഏറ്റവും വലിയ ഇന്നൊവേഷനായിരുന്ന 'ഫോൾഡിന്' പക്ഷെ അൽപ്പായുസായിരുന്നു.

lg1

ഫോൺ മടക്കുമ്പോൾ ഡിസ്‌പ്ളേയിൽ ഉണ്ടാകുന്ന തകരാറുകൾ മൂലം ഉപഭോക്താക്കൾ പെട്ടെന്നുതന്നെ സാംസങ്ങിനുനേരെ മുഖം കറുപ്പിച്ചു. ഫോണിന്റെ രണ്ടാം പതിപ്പായ 'ഫോൾഡ് 2' പുറത്തിറക്കി കമ്പനി ഈ കുറവുകൾ ഏറെക്കുറെ പരിഹരിച്ചുവെങ്കിലും ഉപഭോക്താക്കളെ വേണ്ടപോലെ കയ്യിലെടുക്കാൻ ഈ സ്മാർട്ട്ഫോൺ ബ്രാൻഡിന് കഴിഞ്ഞില്ല. മറ്റൊരു ബ്രാൻഡായ മോട്ടോറോളയും ഇതേ മാതൃകയിലുള്ള 'റേസറി'ന്റെ ഫോൾഡബിൾ പതിപ്പ് പുറത്തിറക്കികൊണ്ട് ഒരു തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും സമാനമായ പ്രശ്നങ്ങൾ കാരണം കാര്യമായി ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ്, ഒരു കാലത്ത് ഫോൺ വിപണി അടക്കിവാഴുകയും, പിന്നീട് പതുകെ വിസ്മൃതിയിലേക്ക് മറയുകയും ചെയ്ത ദക്ഷിണ കൊറിയയിലെ തന്നെ മറ്റൊരു കമ്പനിയായ എൽ.ജി ഇന്നുവരെ ഉപഭോക്താക്കൾ കാണാത്തൊരു നൂതന ആശയവുമായി രംഗത്തെത്തുന്നത്. സാംസങ്ങ് ഫോൾഡിനെയും 'റേസറിനെ'യും കവച്ചുവയ്ക്കുന്ന ഒരു ആശയമായിരുന്നു അത്. 'സ്ളാബ്'(പലക) മാതൃകയിലുള്ള ഫോണുകൾ കണ്ടുമടുത്ത ഉപഭോക്താക്കൾക്ക് ചിറകുകൾ പോലെ വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യാനാകുന്ന ഡ്യുവൽ മാക്സിമം ഡിസ്‌പ്ളേയുള്ള ഫോണാണ് എൽ.ജി ഉപഭോക്താക്കൾക്ക് മുൻപിലേക്ക് എത്തിക്കാൻ പോകുന്നത്.

lg3

ഈ പുത്തൻ ഫോണിന് കമ്പനി നൽകിയിരിക്കുന്ന പേര് 'എൽ.ജി വിംഗ്' എന്നാണ്. സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും നവീനമായ, അതേസമയം പ്രയോജനപ്രദവുമായ ഫീച്ചറാണ് ഇതെന്നാണ് ടെക്ക് നിരൂപകരും സ്മാർട്ട്ഫോൺ ആരാധകരും ഒരേ സ്വരത്തിൽ പറയുന്നത്. ആദ്യകാഴ്ചയിൽ ഒരു സാധാരണ സ്മാർട്ട്ഫോൺ എന്ന് തോന്നാവുന്ന 'വിംഗി'ന്റെ ആദ്യ സ്ക്രീൻ മുകളിലേക്ക് തിരശ്ചീനമായി(ഹൊറിസോൺടൽ) 'നിരക്കി'കഴിയുമ്പോഴാണ് ഫോണിന്റെ വിശ്വരൂപം നമുക്ക് കാണാൻ കഴിയുക.

സ്ലൈഡ് ചെയ്തുകഴിയുമ്പോൾ ചിറക് വിടർത്തിയ മാതൃകയിലാകുന്ന ഫോൺ നിരവധി സാദ്ധ്യതകളാണ് ഉപഭോക്താവിന് മുൻപിൽ തുറന്നിടുന്നത്. താഴെയുള്ളതും മുകളിലുള്ളതുമായ പാനലുകൾ രണ്ട് വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാൻ സാധിക്കുന്നതിലൂടെ ഗെയിമിംഗ്, വീഡിയോ റെക്കോർഡിങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോ വ്യൂവിംഗ് എന്നിവ ഉപഭോക്താവിന് പുതുമയുള്ളതും വ്യത്യസ്തവുമായ അനുഭവമായി മാറുന്നു. ഇത്തരത്തിൽ 'ലാൻഡ്‌സ്‌കേപ്പ്' നിലയിലുള്ള പല പ്രവർത്തനങ്ങളും നമുക്ക് കൂടുതൽ കാര്യക്ഷമമായി ചെയ്യാനും സാധിക്കും. നിയന്ത്രിക്കാനാകുന്ന 'റൊട്ടേറ്റിംഗ് ക്യാമറ' സംവിധാനവും 'പോപ്പ് അപ്പ് സെൽഫി' ക്യാമറയും 'വിംഗി'ന്റെ മറ്റ് മേന്മകളിൽപ്പെടുന്നു.

lg4

ചുരുക്കത്തിൽ മൾട്ടി ടാസ്‌കിങ്ങിന്റെ പുതിയൊരു ചക്രവാളമാണ് 'എൽ.ജി വിംഗ്' നമുക്ക് മുന്നിലായി തുറന്നിടുന്നത്. 'സാംസങ്ങ് ഫോൾഡ്' പോലുള്ള മിക്ക ഇനൊവേറ്റീവ് ഫ്ലാഗ്ഷിപ്പ് ഫോണുകളും ഡിസൈനിന്റെ കാര്യത്തിൽ മാത്രം വ്യത്യസ്തമാകാൻ നോക്കുമ്പോൾ 'വിംഗ്' ഒരേ സമയം രൂപഘടനയിലും പ്രവർത്തനത്തിനും ഉപഭോക്താവിനെ അത്ഭുതപ്പെടുത്താനും ആനന്ദിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ 'വിംഗ്' എൽ.ജിയുടെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ടെക്ക് ലോകത്തെ വിദഗ്ദർ പറയുന്നത്. ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഈ '5ജി' സ്മാർട്ട്ഫോണിൽ ഒരു പ്രിമിയം ഫോണിന് ആവശ്യമായ എല്ലാവിധ ഫീച്ചറുകളുമുണ്ട്.