blue-pit-viper-

സൂക്ഷിച്ച് നോക്കണ്ട ! ആള് ഒറിജിനൽ തന്നെയാണ്. അതിമനോഹരമായ നീല നിറത്തിലുള്ള ഈ സുന്ദരൻ പാമ്പിന്റെ പേര് ബ്ലൂ പിറ്റ് വൈപ്പർ എന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ് ഈ ഇത്തിരിക്കുഞ്ഞൻ പാമ്പ്. ചുവന്ന റോസാപ്പൂവിനോട് പറ്റിച്ചേർന്നിരിക്കുന്ന തിളങ്ങുന്ന ഈ നീല നിറക്കാരനെ കണ്ടാൽ ആരായാലും അത്ഭുത്തോടെ നോക്കി നിൽക്കും. ഇത്രയ്ക്കും മനോഹരമായ നീലനിറത്തിലെ ഒരു പാമ്പിനെ നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടുണ്ടാവില്ലായിരിക്കാം.

പക്ഷേ, ഗ്ലാമറും വലിപ്പവുമൊക്ക കണ്ട് ഒന്ന് എടുക്കാൻ നോക്കിയാൽ പണി പാളും. ലുക്ക് പോലെയല്ല, ആൾ ഭീകരനാണ് ഭീകരൻ.! ഒരൊറ്റ കടി മതി മനുഷ്യ ശരീരത്തിനുള്ളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടാം. ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ടതും വളരെ ആക്രമണ സ്വഭാവമുള്ളതുമായ പാമ്പുകളാണ് ബ്ലൂ പിറ്റ് വൈപ്പറുകൾ.

The incredibly beautiful Blue Pit Viper pic.twitter.com/zBSIs0cs2t

— Life on Earth (@planetpng) September 17, 2020

ഇന്തോനേഷ്യ, തിമോർ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പിറ്റ് വൈപ്പർ ഉപസ്പീഷിസായ മാരക വിഷമുള്ള വൈറ്റ് - ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകളുടെ കൂട്ടത്തിലെ നീല നിറക്കാരാണ് ഇവരെന്ന് മോസ്കോ മൃഗശാല അധികൃതർ പറയുന്നു. വൈറ്റ് - ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകൾ സാധാരണ പച്ച നിറക്കാരാണ്. വളരെ അപൂർവമായാണ് നീല നിറത്തിലുള്ള വൈറ്റ് - ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകളെ കാണാൻ സാധിക്കുക. അതേ സമയം, നീല നിറത്തിലെ പിറ്റ് വൈപ്പറുകൾക്കുണ്ടാകുന്ന കുഞ്ഞിന് ചിലപ്പോൾ പച്ച നിറമാകാം.

' ലൈഫ് ഓൺ എർത്ത് ' എന്ന ട്വിറ്റർ പേജിലാണ് ഈ ബ്ലൂ പിറ്റ് വൈപ്പറിന്റെ വൈറൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.