മുംബയ്: വീട്ടിലെ ലാബിൽ സൂക്ഷിച്ചിരുന്ന ലിക്വിഡ് നൈട്രജൻ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സെൻട്രൽ മുംബയിലെ വർളിയിലുള്ള സെഞ്ച്വറി ബിൽഡിംഗിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ലിക്വിഡ് നൈട്രജൻ സൂക്ഷിച്ചിരുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്. 250 ലിറ്റർ ശേഷിയുള്ള ടാങ്ക് പെട്ടന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന്റെ ഒരു ഭാഗവും തകർന്നു വീണു. വീട്ടമ്മയായ 30 കാരി സുചിത് രശ്‌മി കൗറിന്റെ കാലിനും തലയ്ക്കും പരിക്കേറ്റെങ്കിലും അവർ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു. സംഭവമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പൊട്ടിത്തെറിക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.