തിരുവനന്തപുരം : എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് നടന്ന സമരങ്ങളും സംഘർഷഭരിതമായിരുന്നു. എത്ര സമരം നടത്തിയാലും കെ.ടി. ജലീൽ രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എൽ.ഡി.എഫും സി.പി.എമ്മും. ഇത് സംബന്ധിച്ച് സോഷ്യൽമീഡിയയിലും ഏറ്റുമുട്ടൽ തുടരുകയാണ്.
സമരം സംബന്ധിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും അവർ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണെന്ന് പോസ്റ്റിൽ പറയുന്നു. എന്നാൽ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏത് സ്ത്രീയും കുലസ്ത്രീയാണെന്നും ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ പറയുന്നു. മനുസ്മൃതിമൂല്യങ്ങൾക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും സ്ത്രീകളുടെ ശബ്ദമുയരട്ടെ എന്നും ദീപ നിശാന്ത് കുറിച്ചു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നതും അവർ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണ്. പക്ഷേ മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈൽ കാണുമ്പോൾ (അവരിൽ പലരും നിഷ്പക്ഷത തകർത്തഭിനയിക്കുന്നവരുമായിരുന്നു) കേരളത്തിൽ ആദ്യമായാണ് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും. പിണറായിയുടെ കിരാതഭരണത്തിനെതിരെ വീട്ടമ്മമാർ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വൻബൂസ്റ്റിങ്ങാണ്.ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ്.
നട്ടുച്ചക്ക് ചാടിപ്പിടഞ്ഞെണീറ്റ് 'യ്യോന്റമ്മേ സൂര്യൻ!'ന്ന് വിളിച്ചു പറഞ്ഞ് നാട്ടാരെ ചിരിപ്പിക്കരുത്.അവരൊക്കെ സൂര്യനെ നേരത്തെ കണ്ടവരാണ്. നിങ്ങളോട് ചിലപ്പോൾ 'ഗുഡ് നൈറ്റ്' പറഞ്ഞു കളയും. സമരമുഖത്തെ എല്ലാ പെണ്ണുങ്ങൾക്കും അഭിവാദ്യങ്ങൾ. പെട്രോൾവിലവർധനവിനെതിരെ, എല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന ദുർഭരണത്തിനെതിരെ, പൗരത്വബില്ലിനെതിരെ മുന്നോട്ടു വരാൻ നിങ്ങൾക്ക് സാധിക്കട്ടെ. മനുസ്മൃതിമൂല്യങ്ങൾക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും നിങ്ങളുടെ ശബ്ദമുയരട്ടെ.