ലാഹോർ: പാകിസ്ഥാനി ടിക് ടോക്കർ ആദിൽ രാജ്പുത് മരിച്ചെന്ന തന്റെ പ്രസ്താവന തിരുത്തി ഭാര്യ. ആദിലിന് ഒരു അപകടം സംഭവിച്ചതായി ഫോൺ വന്നിരുന്നുവെന്നും ഇയാൾ മരിച്ചുവെന്നും ടിക് ടോക് വീഡിയോയിലൂടെ തന്നെ നിറകണ്ണുകളോടെ ഭാര്യ ഫറ ആദിൽ അറിയിച്ചിരുന്നു.
‘ആദില്‍ ഇനി നമുക്കൊപ്പമില്ല’ എന്നായിരുന്നു ഫറയുടെ വാക്കുകൾ. ഇവരുടെ വീഡിയോ ടിക് ടോക്കിൽ വൈറലായതോടെ ആചാരം അനുസരിച്ച്, അടുത്തുള്ള മുസ്ലിം പള്ളിയിൽ നിന്നും ആദിലിന്റെ മരണവാര്‍ത്ത വിളംബരം ചെയ്യുക ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് നിരവധി ആരാധകര്‍ ആദിലിന്റെ വീട്ടിലെത്തി. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സംഭവത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുവരുന്നത്. ഭർത്താവിന്റെ ടിക് ടോക് വീഡിയോകൾക്ക് കൂടുതൽ പ്രേക്ഷകരെ കിട്ടുന്നതിന് വേണ്ടിയായിരുന്നു ഭാര്യയുടെ ഈ 'നാടകം'.
കള്ളി പുറത്തായതോടെ ഫറ അടവ് മാറ്റി. ആദിൽ തലകറങ്ങി വീണപ്പോൾ താൻ മരിച്ചതായി തെറ്റിദ്ധരിച്ചതാണെന്നാണ് ഭാര്യ പിന്നീട് പറഞ്ഞത്. ശേഷം ആദിൽ തലയിൽ ബാൻഡേജ് കെട്ടിയിരിക്കുന്ന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ആകുകയും ചെയ്തു. ആദിലിന് 'അള്ളാ വീണ്ടും ജീവിതം നൽകി' എന്നും ഫറ പറയുന്നു.
എന്നാൽ ദമ്പതികൾക്കെതിരെ പാകിസ്താനിലെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഇരമ്പുകയാണ്. പ്രശസ്തി നേടാൻ ഇതല്ല വഴി എന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാനിൽ താമസിക്കുന്ന ഫറയും ആദിലും ഒരുമിച്ചാണ് വീഡിയോകൾ ചെയ്തിരുന്നത്.