k-surendran

തിരുവനന്തപുരം: മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിൽ പരിക്ക് പറ്റിയ പ്രവർത്തകരുടെ ചിത്രങ്ങൾ പങ്കുവച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടിയുടെ മുതിർന്ന നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകർക്കാണ് ഇതുവരെയുള്ള സമരങ്ങളിൽ പരിക്ക് പറ്റിയതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 'കള്ളക്കേസ്സും ലാത്തിയടിയും വെടിവെപ്പും ജയിലറയും ഞങ്ങളെ പിൻതിരിപ്പിക്കാൻ കഴിയുന്ന മർദ്ദനോപാധികളല്ലെന്ന്' മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'സെപ്റ്റംബർ പതിനൊന്നിന് രാത്രി ആരംഭിച്ച ഈ ധാർമ്മികസമരത്തിനിടയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. പലരുടേയും തലകൾ അടിച്ചുപൊട്ടിച്ചു. പലർക്കും കണ്ണിനു പരിക്കുപറ്റി. പലരുടേയും എല്ലൊടിഞ്ഞു. ഈ സമരത്തിനിടയിലൊന്നും ഒരു പൊലീസുകാരനും ആക്രമിക്കപ്പെട്ടില്ല.

ഒരു കല്ലേറുപോലും ഉണ്ടായില്ല. ബാരിക്കേഡുകൾക്കുമുന്നിൽ കയറാൻ സ്ത്രീകളടക്കം ശ്രമിച്ചു എന്നുള്ളതാണ് മഹാ അപരാധമായി സർക്കാർ വൃത്തങ്ങൾ പറയുന്നത്. അടിച്ചമർത്തുമെന്ന് പിണറായി വിജയൻ പറയുന്നു. നേരിടുമെന്ന് പാർട്ടിയും മുന്നണിയും ആവർത്തിക്കുന്നു. സർക്കാർ ഈ സമരങ്ങളെ ഭയപ്പെടുന്നു എന്നുള്ളതാണ് ഈ വെപ്രാളം കാണിക്കുന്നത്.

ഏതു വെല്ലുവിളിയേയും ജനങ്ങളെ അണിനിരത്തി അതിജീവിക്കാൻ തന്നെയാണ് ഞങ്ങളും തീരുമാനിക്കുന്നത്. സഹനസമരം തുടരുകതന്നെ ചെയ്യും. കള്ളക്കേസ്സും ലാത്തിയടിയും വെടിവെപ്പും ജയിലറയും ഞങ്ങളെ പിൻതിരിപ്പിക്കാൻ കഴിയുന്ന മർദ്ദനോപാധികളല്ലെന്ന് പിണറായി വിജയനും കൂട്ടരും മനസ്സിലാക്കുന്നത് നല്ലത്.'