തിരുവനന്തപുരം: കരമന കാലടിയിലെ കൂടത്തിൽ വീട്ടിലെ ജയമാധവൻ നായരുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥൻ രവീന്ദ്രന്‍ നായരുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു. ഇയാളെ പ്രതിചേർത്തേക്കും.
ജയമാധവന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചു. കുടുംബത്തിലെ അഞ്ചുപേരാണ് വിവിധ കാലഘട്ടങ്ങളിലായി ദുരൂഹമായി മരിച്ചത്.
2017 ഏപ്രിൽ രണ്ടിനാണ് ജയമാധവനെ കൂടത്തിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രൻ നായർ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിലെ ഹാളിൽ വാതിലിന്റെ കട്ടിളപ്പടിയോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കാണപ്പെട്ടതെന്നാണ് കേസിൽ ആദ്യം മൊഴി നൽകിയ രവീന്ദ്രൻ നായർ വെളിപ്പെടുത്തിയിട്ടുള്ളത്. ജയമാധവൻ ഏറെനാളായി അപസ്മാര രോഗത്തിനും, മനോരോഗത്തിനും ചികിത്സയിലായിരുന്നുവെന്നും കാര്യസ്ഥൻ പറഞ്ഞിരുന്നു.