terrorist

തിരുവനന്തപുരം/കൊച്ചി: രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയുമായി എത്തിയ ഒൻപത് അൽ ക്വഇദ തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി. ആറ് പേരെ പശ്ചിമബംഗാളിൽ നിന്നും മൂന്ന് പേരെ കൊച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പിടിയിലാവരിൽ മലയാളികൾ ആരും തന്നെയില്ല. ബംഗാൾ സ്വദേശികളായ മൂർഷിദ് ഹസൻ, യാക്കൂബ് വിശ്വാസ്, മൊഷറഫ് ഹസൻ എന്നിവരാണ് കൊച്ചിയിൽ അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ബംഗാളിലെ മൂർഷിദാബാദിലും കൊച്ചിയിലും റെയ്ഡ് നടത്തിയതെന്ന് എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹി അടക്കം വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയുമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പിനെ കുറിച്ച് നേരത്തെ തന്നെ എൻ.ഐ.എയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദികൾ പിടിയിലായത്. ബംഗാളും കേരളവും കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ആറ് മാസമായി ഇവർ പ്രവർത്തിച്ചു വന്നതെന്നാണ് എൻ.ഐ.എ നൽകുന്ന വിവരം. ഇവരിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും പിടിച്ചെടുത്തതായും എൻ.ഐ.എ വെളിപ്പെടുത്തി.

താമസിച്ചത് നിർമ്മാണ തൊഴിലാളികളെന്ന വ്യാജേന

ബംഗാൾ അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് കെട്ടിട്ടനിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾ എന്ന വ്യാജേനയാണ് മൂവരും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് എൻ.ഐ.എ പറയുന്നത്. വ്യാഴാഴ്ച രാത്രിയോടെ ഇവരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എൻ.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.തുടർന്നാണ് ആക്രമണം നടത്താനുള്ള പദ്ധതി ഇവർ വെളിപ്പെടുത്തിയതെന്നാണ് സൂചന. എൻ.ഐ.എയുടെ ഡൽഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ ഇവരെ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും.

ലക്ഷ്യമിട്ടത് 'ഒറ്റയാൻ ചെന്നായ' ആക്രമണം

'ലോൺ വൂൾഫ് അറ്റാക്ക്' അഥവാ ഒറ്റയാൻ ചെന്നായ ആക്രമണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആക്രമണരീതിയാണ് ഇവർ പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എ പറയുന്നത്. വൻ സ്‌ഫോടക വസ്തുക്കൾ ശരീരത്ത് നിറച്ച് മനുഷ്യബോംബായി ആക്രമണം നടത്തുന്ന രീതിയാണിത്. മൂവരും പല കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നത്. ലക്ഷ്യങ്ങൾ നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നീട് പരസ്‌‌പരം ബന്ധപ്പെടുന്ന രീതി ഇവർക്കില്ല. സ്ഥലവും സാഹചര്യങ്ങളും നോക്കി എത്രയും വേഗം ആക്രമണം നടത്തുകയാണ് ഇവരുടെ രീതി. എന്നാൽ, പലപ്പോഴും സാഹചര്യങ്ങൾ ഒത്തുവരുന്നതിനായി കാത്തിരിക്കേണ്ടി വരുന്നതിനാൽ ആക്രമണം വൈകാറുണ്ട്.

ലക്ഷ്യമിട്ടത് ഇവിടെയൊക്ക

കൊച്ചി, ഡൽഹി, മുംബയ് എന്നിവിടങ്ങളായിരുന്നു ഇവർ ആക്രമണത്തിനായി ലക്ഷ്യമിട്ടത്. കൊച്ചിയിൽ നേവൽ ബേസും ഷിപ്പ്‌യാർഡും ആക്രമണം നടത്താനുള്ള പട്ടികയിലുണ്ടായിരുന്നു.

അന്വേഷണം വിപുലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും വ്യാപകമാക്കാൻ എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.

എൻ.ഐ.എയുടെ വിവരം ലഭിച്ചെന്ന് ഡി.ജി.പി

മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്ത വിവരം എൻ.ഐ.എ സംസ്ഥാന പൊലീസിനെ അറിയിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. പിടിയിലായവർ ആരും തന്നെ പൊലീസിന്റെ ക്രിമിനൽ പട്ടികയിലോ സംശയപട്ടികയിലോ ഉള്ളവരല്ല. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസിന് ലഭിക്കുന്ന വിവരങ്ങൾ എൻ.ഐ.എ അധികൃതരുമായി പങ്കിടുമെന്നും ഡി.ജി.പി വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിരീക്ഷണവും പരിശോധനയും കർശനമാക്കാനും ഡി.ജി.പി നിർദ്ദേശിച്ചു.