parliament

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്‌ളാദ് സിംഗ് പട്ടേലിനും ഉൾപ്പടെ 30 എം.പിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ഒക്ടോബർ ഒന്ന് വരെ തുടർച്ചയായി 18 ദിവസത്തേക്ക് വർഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാണ് സഭ ചേർന്നിരുന്നത്. എന്നാൽ കൂടുതൽ എം.പിമാർക്ക് കൊവിഡ് പിടിപെടുന്ന പശ്ചാത്തലത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചർച്ചകൾ നേതാക്കൾക്കിടയിൽ സജീവമായത്.

സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത ആഴ്ച സഭയിൽ പാസാക്കിയാൽ സമ്മേളനം അവസാനിപ്പിക്കാനാണ് സർക്കാർ തലത്തിൽ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ഈ ബില്ലുകൾ പാസാക്കാനാണ് സർക്കാർ നീക്കം. സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.