തിരുവനന്തപുരം: തലസ്ഥാനത്തെ യു.എ.ഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഈന്തപ്പഴത്തിന് ഇളവ് നൽകിയത് സംബന്ധിച്ചുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയിരിക്കുന്നത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിന് പിന്നാലെയാണ് കേരളത്തിലേക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെന്ന പേരിൽ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. അനധികൃതമായി ഈന്തപ്പഴം കൊണ്ടുവന്നത് സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്നലെ കേസെടുത്തിരുന്നു. ഈന്തപ്പഴത്തിനൊപ്പം മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിൽ നയതന്ത്ര സ്ഥാപനം പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്. വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.
മൂന്നരവർഷത്തിനിടെ ഒരാളുടെയോ കോൺസുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികതയുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്ത് സാധനങ്ങൾ കൊണ്ടുവരുന്നതിനും നിശ്ചിത പരിധിയുണ്ട്. അളവിൽ കൂടുതലായി എത്തുന്ന സാധനങ്ങൾ 'വാണിജ്യ ആവശ്യത്തിന്' എന്ന നിലയിലാണ് കസ്റ്റംസ് പരിഗണിക്കുന്നത്. യഥാർത്ഥ വിലയുടെ 38.5 ശതമാനം കസ്റ്റംസ് തീരുവ അടയ്ക്കുകയും വേണം. കോൺസുലേറ്റിലേക്കു വന്ന സാധനങ്ങൾ പുറത്തു പോയത് തീരുവ ഇളവ് നിബന്ധനകളുടെയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെയും ലംഘനമാണെന്നാണ് കസ്റ്റംസ് പറയുന്നു.
2016 ഒക്ടോബറിൽ യു.എ.ഇ കോൺസുലേറ്റ് തലസ്ഥാനത്ത് തുടങ്ങിയതിന് ശേഷം ഏറ്റവുമധികം എത്തിയത് ഈന്തപ്പഴമാണ്. കോൺസൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ 17,000 കിലോഗ്രാമാണ് യു.എ.ഇ.യിൽ നിന്നെത്തിയത്. ഇവ വിതരണം ചെയ്തത് സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിലെയും മറ്റും കുട്ടികൾക്കാണ്. യു.എ.ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാൾക്ക് 250 ഗ്രാം എന്ന കണക്കിന് 40,000കുട്ടികൾക്കാണ് ഈന്തപ്പഴം നൽകിയത്. കുട്ടികൾക്ക് കൈമാറാനായി കോൺസുലേറ്റ് ഈന്തപ്പഴം സർക്കാരിനെ ഏൽപിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് 2017ലാണ് ഒരു കണ്ടെയ്‌നറിൽ ഇത്രയും ഈന്തപ്പഴം എത്തിയത്.