നാഗ്പൂർ: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒമ്പത് മുതിർന്ന ആർ.എസ്.എസ് പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച പ്രവർത്തകിൽ കൂടുതൽ പേരും അറുപത് വയസിന് മുകളിൽ പ്രായമുളളവരാണ്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. എന്നാൽ ഇരുവരും നിലവിൽ സ്ഥലത്തില്ല. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആർ.എസ്.എസ് ആസ്ഥാനമന്ദിരം അണുവിമുക്തമാക്കി.
നാഗ്പൂരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ച ആർ.എസ്. എസ് പ്രവർത്തകരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒമ്പത് പേരും രക്തസമ്മർദ്ദം, പ്രമേഹം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.