തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും എൻഫോഴ്സ്‌മെന്റും മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ളിം ലീഗും ബി.ജെ.പിയും രംഗത്ത്. ഇരുപാർട്ടികളും തങ്ങളുടെ മുഖപത്രങ്ങൾ വഴിയാണ് സി.പി.എമ്മിനെ നിശിതമായി വിമർശിച്ചത്.
ലീഗിന്റെ വിമർശനം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സി.പി.എമ്മും ഉൾപ്പെട്ട ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുറാൻ വിവാദമെന്ന് ലീഗിന്റെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. പാർട്ടി മുഖപത്രത്തിൽ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനം വീണുകിട്ടിയ അധികാരം നിലനിർത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ സി.പി.എമ്മിന്റെ അടവ് മാത്രമാണ്. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് കേസെടുക്കുകയും എൻ.ഐ.എയും എൻഫോഴ്സ്‌മെന്റും ചോദ്യം ചെയ്തിട്ടും ജലീൽ രാജിവയ്ക്കാത്തതും പുഴുത്തു നാറിയ അധികാരമോഹം കൊണ്ടു മാത്രമാണെന്നും ഏഴ് മാസം കൂടി മന്ത്രിക്കസേരയിലിരിക്കാൻ എത്രവേണമെങ്കിലും ജലീൽ തരംതാഴുമെന്നും പരിഹസിക്കുന്നു.
സ്വർണക്കടത്തിൽ കൈയോടെ പിടികൂടപ്പെട്ട എം.ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും ആദ്യം സംരക്ഷിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്ത സി.പി.എമ്മും സർക്കാരും ഇപ്പോൾ ജലീലിന് വേണ്ടിയാണ് പഴി മുഴുവൻ വാങ്ങുന്നത്. ഈ വിവാദങ്ങളിലേക്ക് ഖുറാനെ വലിച്ചിഴയ്ക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത് കൗതുകകരമാണ്. യു.ഡി.എഫും അതിന്റെ നേതാക്കളും ലീഗും ഖുറാനെതിരെയാണ് എന്ന് സ്ഥാപിക്കാനാണ് സി.പി.എം ശ്രമം. ഖുറാനും ഈന്തപ്പഴവും മറ്റു പലതും സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. എന്നാൽ ഖുറാനെ കുറിച്ച് മാത്രം സംസാരിക്കുന്ന സി.പി.എം നേതാക്കളുടെ ലക്ഷ്യം മതവികാരം ചൂഷണം ചെയ്യുക എന്നത് മാത്രമാണെന്നും മുഖപ്രസംഗം പറയുന്നു.
ബി.ജെ.പി വിമർശനം
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് സി.പി.എമ്മിനെ കടന്നാക്രമിച്ചത്. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ ഇന്നലെ നടത്തിയ പ്രസ്താവന വർഗീയ സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കോടിയേരിക്കെതിരെ മതസ്‌പർദ്ധ വളർത്തുന്നത് തടയുന്നതിനുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സർക്കാരിനെ രക്ഷിക്കാനാണ് സി.പി.എം മതവർഗീയ രാഷ്ട്രീയം പയറ്റുന്നത്.
ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സി.പി.എം സെക്രട്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്. ദേശദ്രോഹികൾക്ക് താവളമൊരുക്കിയ പിണറായി സർക്കാർ രാജിവയ്ക്കുംവരെ ബി.ജെ.പി പ്രക്ഷോഭത്തിൽ നിന്ന് പിന്തിരിയില്ല. ഖുറാൻ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിർത്തിട്ടില്ല. നിയമങ്ങളെ കബളിപ്പിച്ച് സ്വർണവും പണവും കടത്തുന്നതിനെയാണ് തങ്ങൾ എതിർത്തത്. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ രഹസ്യമായി അട്ടിമറിക്കാനാണ് ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാത്ത ഇടിമിന്നലിൽ നശിച്ചുപോയെന്നു പറഞ്ഞതും പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾക്ക് തീപിടിച്ചതും ഇതിന്റെ ഭാഗമാണ്. തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് കെ.ടി.ജലീലായതു കൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത്. ജലീൽ കുടുങ്ങിയാൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്നും സുരേന്ദ്രൻ ആരോപിച്ചു.