police

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസും എൻ.ഐ.എയും ജാഗ്രതയിലാണ്. ഐസിസ് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയവരെ ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയാണ്. ഐസിസ് റിക്രൂട്ട്മെന്റ് കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എയും ഐ.ബിയും വിവരശേഖരണം നടത്തുന്നുണ്ട്. വിസ പരിശോധന കർശനമാക്കി.

ഒാപ്പറേഷൻ ചക്രവ്യൂഹ

ഐസിസ് സാന്നിദ്ധ്യം കണ്ടെത്താൻ വിദേശ ഏജൻസികളുമായി ചേർന്ന് 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്ന നിരീക്ഷണ സംവിധാനമാണ് ഐ.ബിക്കുള്ളത്. ഫേസ്‌ബുക്കിലെയും ട്വിറ്ററിലേയുമടക്കം ഡാറ്റ വിശകലനം ചെയ്ത് ഐസിസ് സാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്‌റ്റ്‌വെയർ ഐ.ബിക്കും എൻ.ഐ.എയ്ക്കുമുണ്ട്.

സന്ദേശങ്ങൾ ഡീ-കോഡ് ചെയ്യാനും എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താനുമുള്ള സംവിധാനമാണിത്. കോഴിക്കോട്ടുകാരൻ റിയാബ് ഇറാക്കിലെയും സിറിയയിലെയും ഐസിസിസുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടത് ഇങ്ങനെയാണ് കണ്ടെത്തിയത്. സംശയാസ്പദമായ സൈബർബന്ധങ്ങളുള്ള 140പേരുടെ പട്ടിക യു.എ.ഇ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.

കാസർകോട്ട് കാണാതായത് 24 പേരെ

2016 ൽ കാസർകോടു നിന്ന് 24 പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് സിറിയയിലെത്തി ഐസിസിൽ ചേർന്ന കോഴിക്കോട് സ്വദേശി റിയാബിനെതിരെ (24) പൊലീസെടുത്ത കേസ് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. യു.എ.ഇയിൽ പഠിച്ചുവളർന്ന റിയാബിനെ അവിടെ കുടുംബത്തിന്റെ ബിസിനസിൽ പങ്കാളിയായിരിക്കെ കാണാതാവുകയായിരുന്നു.

19 പേർ യു.എ.ഇ ജയിലിൽ

ഐസിസുമായി ബന്ധംപുലർത്തിയ 11മലയാളികളടക്കം 19 ഇന്ത്യക്കാർ യു.എ.ഇയിൽ തടവിലുണ്ടെന്നാണ് എൻ.ഐ.എ വിവരം. വിനോദസഞ്ചാരികളെന്ന വ്യാജേന ഐസിസിൽ ചേരാൻ പോയ മുപ്പതോളം പേരെ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇന്ത്യയിൽ സായുധസേനാ വിഭാഗം രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സ്ആപ് സന്ദേശങ്ങൾ ഗൾഫിൽ പ്രചരിക്കുന്നുണ്ട്.