bhama

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെ ചലച്ചിത്ര താരം ഭാമയ്ക്കെതിരേ സൈബർ ആക്രമണം ശക്തം. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടി കടുത്ത വിമർശനമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ധിഖും കൂറുമാറിയത്.

ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.ഇവരുടെ പ്രതികരണങ്ങൾ കൂടിയെത്തിയതോടെ ഭാമയ്‌ക്കെതിരായ സൈബർ ആക്രമണം വർദ്ധിക്കുകയായിരുന്നു. സിദ്ദിഖ് മൊഴി മാറ്റിയത് മനസിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്നായിരുന്നു രമ്യ നമ്പീശന്റെ പ്രതികരണം. അതിജീവിച്ചവൾക്ക് ഒപ്പം നിൽക്കേണ്ടവർ കൂറ് മാറിയത് സത്യമാണെങ്കിൽ അതിൽ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്നലെ കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

പ്രതികരിക്കാതെ അമ്മ

താരങ്ങളുടെ കൂറുമാറ്റത്തിന് പിന്നാലെ 'അവൾക്കൊപ്പം' എന്ന ഹാഷ് ടാഗ് ഡബ്ല്യു.സി.സി ശക്തമാക്കി. വരും ദിവസങ്ങളിൽ മൊഴി നൽകാനെത്തുന്ന താരങ്ങളും കൂറുമോറുമോയെന്ന സംശയം ഡബ്ല്യു.സി.സിക്കുണ്ട്. അതുകൊണ്ടാണ് ഇന്നലെ തന്നെ പരസ്യപ്രതികരണവുമായി സംഘടന രംഗത്തെത്തിയത്. വിചാരണഘട്ടത്തിലടക്കം നടിക്കൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയ താരസംഘടന അമ്മയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ അമ്മ ഇതുവരെ തയ്യാറായിട്ടില്ല. താരങ്ങൾ മൊഴിമാറ്റാൻ ഇടയായ സാഹചര്യം അമ്മയ്ക്ക് വ്യക്തമാക്കേണ്ടി വരും. സംഘടനയുടെ പ്രതികണം ഇന്ന് തന്നെയുണ്ടായേക്കുമെന്നാണ് സൂചന.