കൊച്ചി: ഇന്ന് പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയ്‌ദ തീവ്രവാദികൾ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തിൽ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യംവച്ചുളള ലഘുലേഖകളും മൂർച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരിൽ നിന്ന് എൻ.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗം നടത്തുന്നവരുടെ പ്രസംഗ കോപ്പികളും ഇതിനൊപ്പമുണ്ട്. ഏതാണ്ട് എട്ട് ദിവസം മുൻപ് സെപ്‌തംബർ 11ന് തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയിൽ എൻ.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികൾ എന്ന പേരിൽ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും. ഇവർ പിടിയിലായതായി എൻ.ഐ.എയും ഡിജിപി ലോക്‌നാഥ് ബെഹ്റയും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്‌റ്റിലായവരെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. ആകെ 12 ഇടങ്ങളിലാണ് എൻ.ഐ.എ റെയ്‌ഡ് നടത്തിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാർഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എൻ.ഐ.എ അറസ്‌റ്റ് ചെയ്‌തത്. പെരുമ്പാവൂരിൽ നിന്ന് മൂന്ന് ബംഗാൾ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനിൽ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണെന്ന് എൻ.ഐ.എ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂലായ് മാസത്തിൽ അൽ ഖ്വയ്ദ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻപ് അമേരിക്കൻ അന്വേഷണ ഏജൻസിയുടെയും യു.എന്നിന്റെയും മുന്നറിയിപ്പ് ഇന്ത്യയ്‌ക്ക് ലഭിച്ചിരുന്നു. ഇവർ പ്രവർത്തനം കേരളത്തിലും ബംഗാളിലും കേന്ദ്രീകരിച്ചാണെന്നും ഡൽഹി ആക്രമണത്തിനാണ് നിലവിൽ പദ്ധതിയിട്ടിരുന്നതെന്നും എൻ.ഐ.എ അറിയിച്ചു. ഇതിനായി പണവും ആയുധവും ശേഖരിക്കാനാണ് വിവിധയിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ഇവരിൽ കുറച്ച്പേർ ഡൽഹി യാത്രയ്‌ക്കായി പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ആലുവ റൂറൽ പൊലീസും സഹകരിച്ച് എൻ.ഐ.എ തീവ്രവാദികളെ പിടികൂടിയത്. തീവ്രവാദികളാണെന്ന് നിരീക്ഷിച്ച് ബോദ്ധ്യപ്പെട്ട ശേഷം താമസ സ്ഥലം വളഞ്ഞ് ഇവരെ പിടിക്കുകയായിരുന്നു.
മുൻപ് ജമാ അത് ഉൾ മുജഹിദ്ദീൻ ബംഗ്ലാദേശ് പ്രവർത്തകരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് എൻ.ഐ.എ പിടികൂടിയിരുന്നു. ഇവർ ബംഗാളിൽ നിന്നും ആസാമിൽ നിന്നും തൊഴിൽതേടി എത്തിയതെന്ന പേരിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിലും കർണാടകത്തിലും ഐസിസ് അംഗങ്ങൾ പ്രബലമായി തന്നെയുണ്ടെന്ന് മുൻപ് യു.എൻ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.