കാലുകൾ തുറന്നുകാട്ടുന്ന അനാർക്കലി മരിക്കാറിന്റെ ചിത്രം കണ്ട് ഹാലിളകി പലരും സൈബർ ആക്രമണം നടത്തി.ആ സദാചാര പൊലീസിംഗിനെതിരെ കാലുകൾ തുറന്നുകാട്ടി മലയാളത്തിലെ യുവനടികൾ പലരും രംഗത്തുവന്നു.അതൊരു മുന്നേറ്റം പോലെയായി.അനാർക്കലിയുടെ ചിത്രങ്ങൾ പകർത്തിയഫോട്ടോഗ്രാഫർ നിധി സമീർ താംബെ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് എഴുതുന്നു......
സ്ത്രീയുടെ ശരീരം കഥകൾ അടങ്ങുന്നതാണ്.ഓരോ മുടിയിഴയ്ക്കും,ഒാരോ നോട്ടത്തിനും,ഓരോ കാൽപ്പെരുമാറ്റത്തിനും,എന്തിന് ഓരോ ചലനങ്ങൾക്കും അതിന്റേതായ കഥകൾ പറയാനാവും.പക്ഷേ സ്ത്രീകളല്ല ഈ കഥകൾ പറയുന്നത്.പുരുഷൻ അവന്റെ കണ്ണുകളിലൂടെ സ്ത്രീകളെ വർണ്ണിക്കുകയാണ്.
ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ, വളരെക്കുറച്ച് സ്ത്രീകൾ മാത്രമുള്ള എന്റെ മേഖലയിൽ ആ ആഖ്യാനം സ്ത്രീകളുടേതായി തിരിച്ചുപിടിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.ആ ഉദ്യമത്തിന്റെ ഭാഗമായിട്ടാണ് ഒരു ഫോട്ടോ ഷൂട്ടിനായി അനാർക്കലി മരിക്കാറെ സമീപിച്ചത്.സ്ത്രീത്വത്തെക്കുറിച്ച് ഒരു ഫോട്ടോ ഷൂട്ട് ഒരുമിച്ചു ചെയ്യാമെന്ന എന്റെ അഭിപ്രായം സന്തോഷത്തോടെ അനാർക്കലി ഏറ്റെടുത്തു.(എന്റെ അംബാസഡർ കാറിലാണ് ഷൂട്ട് നടത്തിയത്.ആ കാറിനൊരു പേരുണ്ട്.ശോഭന. കാറിനെയും ഒരു ജീവജാലമായി കണ്ടാണ് ഒരു കൗതുകത്തിന് ആ പേരിട്ടത് ) അങ്ങനെ ഞങ്ങൾ ഇറങ്ങിത്തിരിച്ചു.ഞങ്ങൾ ഞങ്ങളായിരുന്നു.ആനന്ദത്തോടെ ,നിറവോടെ ,തൃപ്തിയോടെ സുന്ദരമായ ഒന്ന് ഞങ്ങൾ സൃഷ്ടിക്കുകയായിരുന്നു.അത് കേരളത്തിലെ സ്ത്രീകളുടെ ഒരു മുന്നേറ്റത്തിന്റെ ഭാഗമായി മാറിയതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു.യാദൃശ്ചികമായിട്ടുള്ള ആ മുന്നേറ്റത്തിന് അടിസ്ഥാനമായി ഈ ചിത്രങ്ങൾ മാറുകയായിരുന്നു. അത് ഞങ്ങൾക്കും പ്രധാനമാണ്.ഒരിക്കലും അനാർക്കലിയുടെ കാലുകൾ ചിത്രീകരിക്കാനായിരുന്നില്ല ആ ഫോട്ടോഷൂട്ട്.അവരുടെ ശക്തി കാട്ടാനായിരുന്നു.അത് ഈ രീതിയിൽ മാറിയതിൽ സന്തോഷം പങ്കുവയ്ക്കട്ടെ. ആ മുന്നേറ്റത്തിന്റെ മുദ്രാവാക്യമായി മാറിയതുപോലെ.
“Women have legs too”!
( അഭിഭാഷകയും,പത്രപ്രവർത്തകയും ഫോട്ടോഗ്രാഫറുമായ നിധി കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്നു.)