കൊച്ചി: എറണാകുളത്ത് എൻ.ഐ.എ പിടിയിലായ അൽഖ്വയ്‌ദ ഭീകരൻ എന്ന് സംശയിക്കുന്ന മുർഷിദ് ഹസൻ മിക്കപ്പോഴും ജോലിയ്ക്ക് പോയിരുന്നില്ലെന്ന് ഇയാൾക്കൊപ്പം താമസിച്ചിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ. നിർമാണ തൊഴിലാളികളാണെന്ന വ്യാജേനയാണ് ഭീകരർ കൊച്ചിയിലെത്തിയത്.
മുർഷിദ് കെട്ടിട നിർമാണത്തിനും, ചായക്കടയിലെ പണിക്കുമാണ് പോയിരുന്നത്.എന്നാൽ ഇയാൾ വല്ലപ്പോഴും മാത്രമേ ജോലിയ്ക്ക് പോകാറുള്ളുവെന്നും, അക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും കൂടെ താമസിക്കുന്ന യുവാവ് പറയുന്നു. 'മുർഷിദ് ലാപ്‌ടോപ് ഉപയോഗിച്ചിരുന്നു. എന്നാൽ എന്ത് കാര്യങ്ങൾക്കാണ് ലാപ്‌ടോപ് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് അറിയില്ല'- അദ്ദേഹം പറഞ്ഞു.
മുർഷിദ് സ്മാർട്‌ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു. പാതാളത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഈ വീട് കെട്ടിട നിർമാണത്തിനും മറ്റു പ്രാദേശിക ജോലികൾക്കും തൊഴിലാളികളെ വിതരണം ചെയ്യുന്നയാൾ വാടകയ്‌ക്കെടുത്തിരുന്നതാണ്. അഞ്ചു പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഇന്ന് പുലർച്ചെയാണ് ദേശീയ അന്വേഷണ ഏജൻസി എറണാകളത്ത് പരിശോധന നടത്തിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്‌ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടന്നത്