നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് നടി ഭാമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. രേവതിയും റിമ കല്ലിങ്കലും ഉൾപ്പെടെ നിരവധി താരങ്ങൾ നടിക്കെതിരെ ഇതിനോടകം തന്നെ രംഗത്തെത്തി. ഇപ്പോഴിതാ 'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം' എന്നു കുറിച്ചുകൊണ്ട് യൂദാസിന്റെ ഒരു ചിത്രം ട്വീറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020
അമ്മ സംഘടന നടത്തുന്ന പരിപാടിയുടെ റിഹേഴ്സൽ നടക്കുന്നതിനിടെ കേസിലെ പ്രതിയായ ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കോടതിയിലെത്തിയ ഇവർ കൂറുമാറുകയായിരുന്നു.
നേരത്തെ ഇടവേള ബാബുവും, ബിന്ദു പണിക്കരും കൂറുമാറിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, മേസ്തിരി സനിൽ എന്ന സനിൽ, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ.