jew

മാള: മാളയുടെ പൈതൃകവും സംരക്ഷണവാദവും വീണ്ടും വിവാദമായി തെരുവിൽ വിഴുപ്പലക്കലിനും ഭീഷണിക്കും വേദിയായി. പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങ് തകർക്കുന്നത്. പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സി.കർമ്മചന്ദ്രനെ മാള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഡി.സി.സി.സെക്രട്ടറി എ.എ.അഷറഫ് വധ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. ഇതുസംബന്ധിച്ച പരാതി മാള പൊലീസിൽ നൽകിയിരിക്കുകയാണ്. അതേസമയം, കെ.കരുണാകരന്റെ പേരിലുള്ള നിലവിലുള്ള സ്റ്റേഡിയം തകർക്കാൻ അനുവദിക്കില്ലെന്നും മാളയിലെ സർവ്വകക്ഷി യോഗത്തിന്റെ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ അവർ തന്നെ നയം വ്യക്തമാക്കണമെന്നും എ.എ.അഷറഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ എ.കെ.ചന്ദ്രൻ എം.എൽ.എ.യാണ് മൈതാനത്ത് സ്റ്റേഡിയം നിർമ്മാണത്തിന് ആദ്യമായി പദ്ധതി അവതരിപ്പിച്ച് കെ.കരുണാകരന്റെ പേര് നൽകണമെന്ന് നിർദേശിച്ചത്. മാളയിൽ യഹൂദ ശ്‌മശാന സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനും സിനഗോഗ് പുനരുദ്ധരിക്കുന്നതിനും മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ച് നിർമ്മാണം നടക്കുന്നതിനിടയിലാണ് വീണ്ടും വിവാദങ്ങൾ അരങ്ങുവാഴുന്നത്.

'താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ മാളക്കടവ് സ്ഥലം അളക്കുന്നതിനിടയിലാണ് എ.എ.അഷറഫും സംഘവും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. മാളക്കടവും യഹൂദ സ്മാരക സംരക്ഷണത്തിനുമായി പരാതികൾ ഉന്നയിച്ചയാളാണ് പ്രൊഫ.സി.കർമ്മചന്ദ്രൻ. യഹൂദരുടെ സ്മാരകമായ സ്ഥലത്തെ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ പരാതികൾക്കും നിയമനടപടികൾക്കും നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കുമ്പോൾ എ.എ.അഷറഫ് പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി'

പി.കെ.കിട്ടൻ

സെക്രട്ടറി,പൈതൃക സംരക്ഷണ സമിതി

'മാളയിലെ സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കി കെ.കരുണാകരൻ സ്മാരക സ്റ്റേഡിയം നിമ്മാണം പൂർത്തിയാക്കണം. പൈതൃക സംരക്ഷണ സമിതിയുടെ പേരിൽ യഹൂദ സ്മാരകങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്. പൈതൃക-പരിസ്ഥിതി സംരക്ഷകരാണെന്ന് അവകാശപ്പെടുന്ന പി.കെ.കിട്ടൻ നേതൃത്വം നൽകുന്ന കുഴിക്കാട്ടുശേരിയിലെ സ്ഥാപനം നെൽവയൽ നികത്തിയാണ് നിർമ്മിച്ചത്. പാടശേഖരത്തിലേക്കുള്ള വഴി അടച്ചാണ് സ്ഥലം കയ്യേറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മാളക്കാരെയും അവരുടെ ആവശ്യങ്ങളും അറിയാത്ത കപട പൈതൃകവാദികൾക്കെതിരെ ഇനിയും ശബ്ദിക്കും. അത് ഭീഷണിയല്ല.മാളക്കാരുടെ പൊതു ആവശ്യം ഉന്നയിക്കുന്നത് ഭീഷണിയായി കണക്കാക്കുന്നുവെങ്കിൽ അത് ഇനിയും തുടരും'

എ.എ.അഷറഫ്,

ഡി.സി.സി.സെക്രട്ടറി