premachandran

ന്യൂഡൽഹി: മതമൗലിക വാദികൾ പോലും പറയാത്ത വർഗീയതയാണ് സി.പി.എം നേതാക്കൾ പറയുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. സ്വർണക്കടത്ത് കേസിൽ തന്റെയും കുടുംബത്തിന്റെയും രക്ഷക്കായി ഖുറാനെ ഉപയോഗിക്കുകയാണ് കോടിയേരി ബാലകൃഷ്‌ണനും പിണറായി വിജയനും. ഇങ്ങനെ പ്രസ്‌താവന തുടർന്നാൽ ശബരിമലയെക്കാൾ വലിയ തിരിച്ചടിയാകും സർക്കാരിന് ലഭിക്കുക എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ തീക്കൊള‌ളി കൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ അതിന് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർ സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ളാമിക വിശ്വാസത്തെയും ഖുറാനെയും ഇങ്ങനെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി. അങ്ങനെ വിശ്വാസികളെ മുഖ്യമന്ത്രി തെ‌റ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പ്രോട്ടോകോൾ ലംഘനം നടത്തിയതും തൂക്കത്തിൽ വന്ന വ്യത്യാസവുമാണ് പ്രശ്‌ന കാരണമെന്നും ഖുറാൻ കൊണ്ടുവന്നത് അല്ലെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. നിയമവിധേയമായി കൊണ്ടുവരാൻ കേന്ദ്രം എതിർത്തിരുന്നെങ്കിൽ തങ്ങളും അത് എതിർത്തേനെയെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

ബംഗളുരുവിൽ നിന്നുള‌ള ബിജെപി എം.പി തേജസ്വി സൂര്യയാണ് പാർലമെന്റിൽ ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിച്ച് സംസാരിച്ചത്. ബിജെപിയുടെ നിലയിലല്ലാതെ സ്വന്തം നിലക്ക് എതിർക്കാനാകും എന്നതിനാലാണ് അന്ന് മിണ്ടാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു.

ഖുറാൻ ഉപയോഗിച്ച് സ്വർണക്കള‌ളക്കടത്തിന് എതിരായ സമരത്തെ അടിച്ചമർത്തുമ്പോൾ ബിജെപി വളരാൻ വഴിയൊരുക്കി കൊടുക്കുകയാണ് സർക്കാർ. കോൺഗ്രസ് തകർന്നാലും ബിജെപി വളരട്ടെ എന്ന നിലപാടാണ് സർക്കാരിനുള‌ളതെന്നും ബിജെപിയുമായി സിപിഎം അന്തർധാരയാണ് നടക്കുന്നതെന്നും കെ,മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരും സംസാരിച്ചു,