ഫ്രാൻസിലെ ലാ സെനഗോഗ് ഡേ ഡൽമെ ആർട്ട് സെന്റർ കണ്ടാൽ ആദ്യം തോന്നുക ഇതെന്താ പ്രേതഭവനം ആണോ എന്നാണ്. വിചിത്രമായ ഒരു ശൈലിയിലാണ് ഈ കെട്ടിടത്തിന്റെ പുറംഭാഗം നിർമ്മിച്ചിട്ടുള്ളത്. കെട്ടിടം മുഴുവനും പോളിയൂറിത്തീൻ എന്ന വസ്തു രണ്ടു കോട്ട് അടിച്ചാണ് പുറംമോടി പൂർണ്ണമായും മാറ്റിയത്. രാത്രിയിൽ വിളക്കുകൾ കൂടി തെളിയുമ്പോൾ സിനിമാ രംഗങ്ങളിൽ കാണുന്ന പ്രേതരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒരു ഗ്യാലറി, ഒരു ഗസ്റ്റ് ഹൗസ്, വിസിറ്റിംഗ് സെന്റർ എന്നിവയാണ് ഈ പ്രേതകെട്ടിടത്തിനുള്ളിലുള്ളത്. നേരത്തെ ഒരു സ്കൂളായും ജയിലായും പിന്നീട് ഫുനറൽ ഹോം ആയും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു. എന്തായാലും ഇപ്പോൾ ഈ ഗസ്റ്റ് ഹൗസ് കണ്ടാൽ ശരിക്കും ഒരു ഗോസ്റ്റ് ഹൗസ് ആണെന്നേ ആരും പറയുകയുള്ളു. വിചിത്രമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദനായ ക്രിസ്റ്റഫർ ബ്രർഡാഗുറും മേരി പെജസ്സും ആണ് ഈ കെട്ടിടത്തിന്റെ ശിൽപികൾ. ഫ്രഞ്ച് അമേരിക്കൻ ചിത്രകാരൻ മാർസൽ ദ്യോഷാമ്പിന്റെ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കെട്ടിടത്തിന് ഈ രൂപം നൽകിയിരിക്കുന്നത്. നിരവധി സഞ്ചാരികളും ആർക്കിടെക്ച്ചർ ഗവേഷകരും ഈ പ്രേതഭവനം കാണാനായി ദിനംപ്രതി എത്തുന്നുണ്ട്.