covid

തിരുവനന്തപുരം: കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്ത് രോഗനിർണയത്തിനുള്ള പരിശോധനകളിൽ വർദ്ധനയുണ്ടാകാത്തത് തിരിച്ചടിയായേക്കും. പ്രതിദിന പരിശോധന 50,​000 ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴും പരിശോധനകളുടെ എണ്ണം അതിലേക്ക് പൂർണമായി എത്തുന്നില്ല. കഴിഞ്ഞ ദിവസം 47,​223 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ളതിൽ വച്ചേറ്റവും കൂടിയ പരിശോധനാ നിരക്ക് ആണിതെങ്കിലും 50,​000 അല്ലെങ്കിൽ അതിന് മുകളിൽ ടെസ്റ്റുകൾ നടത്താനാകാത്തത് രോഗബാധിതരെ തിരിച്ചറിയുന്നത് വൈകിപ്പിക്കുന്നുണ്ട്.

ആന്റിജൻ പരിശോധന തിരിച്ചുവന്നു

നേരത്തെ കൊവിഡ് രോഗനിർണയത്തിന്റെ 65 ശതമാനവും ആന്റിജൻ പരിശോധനയിലൂടെയായിരുന്നു. ആർ.ടി.പി.സി.ആർ കിറ്റുകൾ വഴി നടത്തുന്ന പരിശോധനാഫലം ലഭിക്കാൻ ഏഴ് ദിവസത്തോളം എടുക്കുന്നതാണ് ആന്റിജൻ പരിശോധനകളെ ആശ്രയിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ആന്റിജൻ പരിശോധനയിലൂടെ 30 മിനിട്ടുകൊണ്ട് ഫലം അറിയാം. എന്നാൽ, ഫലത്തിന്റെ വിശ്വാസ്യതയെ ചൊല്ലി രണ്ടഭിപ്രായമുണ്ട്. ഒരവസരത്തിൽ ആന്റിജൻ പരിശോധനകൾ വേണ്ടെന്നും പൂർണമായും ആർ.ടി.പി.സി.ആർ പരിശോധന മതിയെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, രോഗനിർണയം വൈകുന്നത് കൂടുതൽ പേർക്ക് രോഗബാധയ്ക്ക് ഇടവരുത്തുമെന്ന് മനസിലായത് ആന്റിജൻ പരിശോധന തിരിച്ചുകൊണ്ടുവരാൻ നിർബന്ധിതമാക്കി.

ടി.പി.ആർ വെല്ലുവിളി
കേരളത്തിൽ കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് (ടി.പി.ആർ) ഇപ്പോൾ കൂടുന്ന സ്ഥിതിയാണുള്ളത്. 100 പേരെ പരിശോധിക്കുമ്പോൾ ഇതിൽ ഒമ്പതു പേർക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് കണക്ക്. ടി.പി.ആർ ശരാശരി ആകട്ടെ 8.94 ശതമാനവുമാണ്. ജൂണിൽ രണ്ടിൽ താഴെ നിന്ന ടി.പി.ആർ ഈ മാസം ആദ്യ ആഴ്ച 6നും ഏഴിനും ഇടയിലായിരുന്നു. അടുത്ത ഒന്നരയാഴ്ച കൊണ്ട് ടി.പി.ആർ ഇപ്പോഴത്തെ നിലയിലെത്തി. ഇത് ആശങ്കാജകനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ടി.പി.ആർ രണ്ടിന് താഴെ നിൽക്കുന്നതാണ് അഭികാമ്യം. 14 ദിവസം ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ നിന്നാലെ രോഗബാധയുള്ള പ്രദേശത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. ടി.പി.ആർ ഉയരുന്ന സാഹചര്യത്തിൽ പ്രതിദിനം 65,000 പരിശോധനകൾ നടത്തണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

ലക്ഷണമില്ലാത്ത രോഗികളും വെല്ലുവിളി

സംസ്ഥാനത്ത് സമ്പർക്കവ്യാപന തോത് ഉയർന്നു നിൽക്കുകയാണെങ്കിലും ലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. അതിനാൽ തന്നെ പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഫലം ചെയ്യുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധനാ നിരക്ക് (തീയതി, പരിശോധനകൾ എന്ന ക്രമത്തിൽ)

14-19,790

15- 46,273

16- 45,760

17-45,730

18-47723

19- 47,452

20- 41,630