kadakam

- "വാചാരംഭണം വികാരോനാമധേയം മൃത്തികേത്യേവ സത്യം" ഛാന്ദോഗ്യോപനിഷത്തിലെ ഒരു ശ്ലോകമാണിത്. ഒരു മൺകട്ടയിലെ സത്യമറിയാൻ നമുക്കായാൽ മണ്ണ് കൊണ്ട് നിർമ്മിക്കപ്പെടുന്ന സകല വസ്തുക്കളെയും തിരിച്ചറിയാൻ നമുക്കാകുമെന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം. ഛാന്ദോഗ്യോപനിഷത്തിലെ ഈ ശ്ലോകം നമുക്ക് മുന്നിൽ പ്രാവർത്തികമാക്കി കാണിച്ചത് ശ്രീനാരായണ ഗുരുവാണ്. 1888 മാർച്ച് മാസത്തിൽ അതായത് കൊല്ലവർഷം 1063 കുംഭമാസത്തിലെ ശിവരാത്രി നാളിൽ അർദ്ധരാത്രിയിൽ ശ്രീനാരായണ ഗുരുവെന്ന സന്യാസി ഒരു വിപ്ലവം നടത്തി. ആ വിപ്ലവത്തിന്റെ അലയൊലികളാണ് ഇന്നും കേരളത്തിലാകമാനമുള്ളത്. നെയ്യാറിന്റെ ആഴത്തിൽ നിന്നും മുങ്ങിയെടുത്ത ഉരുളൻ കല്ല് ഗുരു അരുവിക്കരയിൽ പ്രതിഷ്ഠിച്ചു. ബ്രാഹ്മണ പൂജാരിമാരോ, കലശമോ, മുഹൂർത്തമോ എന്തിന് വിഗ്രഹമോ ഇല്ലാത്ത പ്രതിഷ്ഠ. ആചാരാനുഷ്ഠാന കർമ്മങ്ങളൊന്നുമില്ലാതെ ആ പ്രതിഷ്ഠ നടത്തി ശ്രീനാരായണ ഗുരുദേവൻ നവോത്ഥാനത്തിന്റെ ശില പാകുകയായിരുന്നു. അയിത്തം കൽപ്പിച്ച് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിന്ന് പോലും ആട്ടിയോടിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹത്തിന് വേണ്ടിയായിരുന്നു ഗുരുവിന്റെ ശിവപ്രതിഷ്ഠ. മഹായോഗിയായ ശ്രീനാരായണ ഗുരു കേരള സമൂഹത്തിന്റെ നവോത്ഥാന ശില്പികളിൽ പ്രഥമ സ്ഥാനത്ത് നിലകൊളളുന്നത് അദ്ദേഹം നടത്തിയ ഇത്തരം ഇടപെടലുകളുടെ തുടർച്ചയായാണ്.

ചെമ്പഴന്തി വയൽവാരം വീട്ടിൽ ജനിച്ച നാരായണൻ എന്ന ബാലൻ ലോകത്തിനാകെ മാർഗദർശിയായി തീർന്നതിന് സാക്ഷ്യമാണ് നമ്മുടെ നാടിന്റെ ചരിത്രം.. 1927ൽ മൂർക്കോത്ത് കുമാരൻ മുൻകൈയെടുത്ത് തലശ്ശേരിയിൽ ആദ്യമായി ഒരു ഗുരുപ്രതിമ സ്ഥാപിച്ചു. പിന്നീട് സംസ്ഥാനത്ത് പലയിടത്തും ഗുരുപ്രതിമകൾ സ്ഥാപിക്കപ്പെട്ടെങ്കിലും, കേരളത്തിലെ ഒരു സർക്കാരും ആ ഉദ്യമത്തിന് ഇതേവരെ തയ്യാറായിരുന്നില്ല. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും, നവോത്ഥാന നായകർ ഉയർത്തിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനാണ് തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ‘നമുക്ക് ജാതിയില്ല വിളംബരത്തിന്റെ’ നൂറാം വാർഷികം സമുചിതമായി ആഘോഷിക്കുക മാത്രമല്ല ആ സന്ദേശം നാടെങ്ങും എത്തിക്കാനും ഈ സർക്കാരിന് കഴിഞ്ഞു. അതിന്റെ തുടർച്ചയായാണ് സംസ്ഥാന സർക്കാർ തന്നെ ശ്രീനാരായണഗുരുവിന്റെ പ്രതിമ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കാനും തീരുമാനിച്ചത്. 2020 സെപ്തംബർ 21 ന് തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപമുള്ള ഒബ്സർവേറ്ററി ഹിൽസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യുന്ന ശ്രീനാരായണ ഗുരു പ്രതിമ ഇന്നലെകളെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനൊപ്പം നാളെകളിലേക്കുള്ള വഴികാട്ടിയാകുകയും ചെയ്യും. എന്നാൽ സംസ്ഥാന സർക്കാർ ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ അഭിനന്ദിക്കുന്നതിന് പകരം അത് വിവാദമാക്കാനുള്ള നീക്കത്തിലാണ് ചിലർ. ഗുരുവിന്റെ പ്രതിമയല്ല ഗുരുമന്ദിരമാണ് നിർമ്മിക്കേണ്ടതെന്നും മറ്റുമുള്ള തരത്തിൽ ജാതി മത വികാരങ്ങൾ ഉയർത്താനുള്ള ശ്രമമാണ് ദൗർഭാഗ്യവശാൽ നടക്കുന്നത്. അരുവിപ്പുറത്ത് ശങ്കരൻ കുഴിയിൽ നിന്ന് മുങ്ങിയെടുത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയപ്പോൾ ഉണ്ടായ കോലാഹലങ്ങൾക്ക് സമാനമാണ് ഇപ്പോഴത്തെ വിവാദങ്ങളും. ഒരു ജാതിയുടെ കളത്തിൽ ചുരുക്കാവുന്ന ഒരു വ്യക്തിത്വമല്ല ശ്രീനാരായണ ഗുരുദേവന്റേതെന്ന് അദ്ദേഹത്തെ കുറിച്ച് പഠിച്ചാൽ ആർക്കും മനസിലാക്കാം. അതേപോലെ തന്നെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ കണക്കിൽ പെടുത്തിയല്ല ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്നത്. ഇരുണ്ട ഒരു കാലത്ത് നിന്നും നമ്മുടെ സമൂഹത്തെ പ്രകാശത്തിന്റെ നേർവഴിയിലേക്ക് നയിച്ച നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയാണ് ഒബ്സർവേറ്ററി ഹിൽസിൽ തലയുയർത്തി നിൽക്കാൻ പോകുന്നത്. അതിൽ ആരും വേവലാതി പൂണ്ടിട്ട് കാര്യമില്ല. മനുഷ്യന് ജാതി ഒന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ എന്ന് ശ്രീനാരായണ ഗുരു നമ്മോട് പറഞ്ഞു. ഏതാണ് ശ്രീനാരായണ ഗുരു പറഞ്ഞ മതം എന്ന് സന്ദേഹിക്കുന്നവരുണ്ടാകാം. ഒരു സംശയവും വേണ്ട, സ്നേഹമാണ് ആ മതം. അതിരുകളില്ലാത്ത മാനവസ്നേഹം തന്നെയാണ് ഗുരുദേവൻ നമുക്ക് പകർന്നു നൽകിയത്. എന്നാൽ ശ്രീനാരായണീയരെ പോലും വർഗീയതയെന്ന കാളകൂട വിഷം കുടിപ്പിക്കാൻ, അവരെ മതാന്ധരാക്കാൻ വലിയ നീക്കം നടക്കുന്ന കാലത്ത് കൂടിയാണ് നമ്മുടെ പ്രയാണം. ആസുരമായ ഈ കാലത്ത് സമൂഹത്തിന് നേർവഴി കാട്ടാൻ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്കൊപ്പം സംസ്ഥാന സർക്കാർതന്നെ സ്ഥാപിക്കുന്ന ഈ പ്രതിമയ്ക്കും സ്ഥാനമുണ്ടാകും. കേവലം ഒരു പ്രതിമ എന്ന പ്രാധാന്യമല്ല മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യുന്ന ശ്രീനാരായണ ഗുരു പ്രതിമയ്ക്ക് ചരിത്രത്തിൽ ഉണ്ടാകുക. തലശ്ശേരിയിൽ സ്ഥാപിക്കപ്പെട്ട ഗുരുവിന്റെ ആദ്യ പ്രതിമ പോലെ തന്നെ പ്രാധാന്യം അനന്തപുരിയിൽ സ്ഥാപിക്കപ്പെടുന്ന ഗുരു പ്രതിമയ്ക്കും ഉണ്ടാകും. 1.19 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പ്രതിമ രൂപകൽപ്പന ചെയ്തത് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിയാണ്. മനോഹരമായ ഉദ്യാനത്തിന് നടുവിൽ നാടിന്റെ നവോത്ഥാന നായകന്റെ പ്രതിമ നിലകൊള്ളുമ്പോൾ വരുംതലമുറകളും ശ്രീനാരായണ ഗുരുവിനെ കുറിച്ച് ആഴത്തിലറിയാൻ ശ്രമിക്കും.

പ്രതിമ സ്ഥാപിക്കുക മാത്രമല്ല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺയൂണിവേഴ്സിറ്റി കൂടി യാഥാർത്ഥ്യമാക്കുകയാണ് പിണറായി സർക്കാർ. 2020 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ ഈ സർവകലാശാല നിലവിൽവരും. വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണമെന്ന ഗുരുവിന്റെ ആശയം പ്രാവർത്തികമാക്കുകയാണ് പിണറായി സർക്കാർ. കേരളം രൂപീകൃതമായിട്ട് ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകങ്ങൾ സംസ്ഥാന സർക്കാർ നേരിട്ട് സ്ഥാപിക്കുന്നതെന്നത് ഓർക്കാതെ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നവർക്ക് നീചമായ വർഗീയ ലക്ഷ്യങ്ങളുണ്ടെന്നത് പറയാതെ വയ്യ. സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച ശ്രീനാരായണ പിൽഗ്രിം സർക്യൂട്ട് പദ്ധതിക്ക് തുരങ്കം വച്ചവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും കാണാനാകും. സംസ്ഥാന ടൂറിസം വകുപ്പിനെ നിർമ്മാണ നിർവഹണത്തിൽ നിന്ന് മാറ്റി ശ്രീനാരായണ തീർത്ഥാടന സർക്യൂട്ട് നിർമ്മാണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചവർ, ആ പദ്ധതി തന്നെ കേന്ദ്രസർക്കാർ ഉപേക്ഷിച്ചപ്പോൾ, ചെറുവിരൽ പോലും അനക്കിയില്ല. സംസ്ഥാന സർക്കാരിന്റെയും, ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെയും ശക്തമായ പ്രതിഷേധത്തിന് ഒടുവിൽ ശ്രീനാരായണ തീർത്ഥാടന സർക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്നാക്കം പോയി. എന്നാൽ ഇപ്പോഴും അതിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസി മുന്നോട്ട് കൊണ്ടുപോകുന്നില്ല. സംസ്ഥാന ടൂറിസം വകുപ്പിനെ ഏൽപ്പിച്ചിരുന്നെങ്കിൽ ശ്രീനാരായണ തീർത്ഥാടന പിൽഗ്രിം സർക്യൂട്ട് പദ്ധതിക്ക് ഈ ദുർഗതി വരില്ലായിരുന്നു. ഇതിലൊന്നും പരാതിയില്ലാത്തവരാണ് സംസ്ഥാന സർക്കാർ ശ്രീനാരായണ ഗുരുവിനെ ആദരിച്ച് പ്രതിമയും, സർവകലാശാലയുമൊക്കെ സ്ഥാപിക്കുന്നതിന് എതിരെ ശ്രീനാരായണീയരെന്ന മട്ടിൽ രംഗത്ത് വരുന്നത്. ഈ കപടനാണയങ്ങളെ കേരളത്തിലെ പൊതുസമൂഹവും, യഥാർത്ഥ ശ്രീനാരായണീയരും തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സംരക്ഷിച്ചുകൊണ്ട് ചെമ്പഴന്തിയിൽ ആധുനിക കൺവെൻഷൻ സെന്ററും, ഡിജിറ്റൽ മ്യൂസിയവും സ്ഥാപിക്കുന്നതിന് 18 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും തമ്മിൽ ആദ്യ കൂടിക്കാഴ്ച നടന്ന ചരിത്രപ്രാധാന്യമേറെയുള്ള ചെമ്പഴന്തി അണിയൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം തീർത്ഥാടക ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനും ഈ സർക്കാരിന് സാധിച്ചു. ശ്രീനാരായണ ഗുരുവിനെ പോലെ തന്നെ നവോത്ഥാന പോരാട്ടങ്ങൾക്ക് അഗ്നി പകർന്ന ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹം സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിക്കും പിണറായി സർക്കാർ രൂപം നൽകിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യാ വൈകുണ്ഠ സ്വാമികളുടെയും, മഹാത്മാ അയ്യങ്കാളിയുടെയുമെല്ലാം ഓർമ്മകൾ നിലനിറുത്തി ആദരിക്കുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ആ നവോത്ഥാന നായകർ പകർന്നു തന്ന വെളിച്ചമാണ് ഈ ജനകീയ സർക്കാരിന്റെ കരുത്ത്. 1916 ലാണ് "നാം ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല" എന്ന് ശ്രീ നാരായണ ഗുരു അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്. നമ്മുടെ കേരളം ഇന്ന് രാജ്യത്തിനാകെ മാതൃകയായി തലയുയർത്തി നിൽക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ സമത്വ സന്ദേശങ്ങളുടെ കരുത്തിലാണ്. വർഗീയാന്ധത പരത്തുന്നവരുടെ കെണികളിൽവീഴാതെ സത്യത്തിന്റെയും യുക്തിയുടെയും സമഭാവനയുടെയും സ്നേഹ പാതയിലൂടെ നമുക്ക് മുന്നോട്ട് നീങ്ങാം.